ചൈന രാജ്യത്തിന്റെ അധികാരപരിധി വര്‍ദ്ധിപ്പിക്കാന്‍ നടത്തുന്ന വിവിധ ശ്രമങ്ങള്‍ ലോകമാകെ ആശങ്കയോടെ കാണുന്നവയാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനും ദക്ഷിണ ചൈനാ കടലിലെ വിവിധ ഭാഗങ്ങളില്‍ അധികാരം ഉറപ്പിക്കാനും മറ്റ് രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ കടന്ന് ഇടപെടാനും അവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇത്തരത്തിലുളളതാണ്.
ഇങ്ങനെ ചൈനയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്ന രാജ്യങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഈ മാസം തന്നെ ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ നാവികസേനയെ അയക്കാന്‍ ഒരുങ്ങുകയാണ്. ചൈനയുടെ അധിനിവേശ ശ്രമത്തെ ശക്തമായി ചെറുക്കാന്‍ ഇനി ഇന്ത്യയുമുണ്ടാകുമെന്ന് വ്യക്തമായ സൂചനയാണ് ഇന്ത്യ നല്‍കുന്നത്.
ഒരു നാവിക സേനാ സംഘത്തെയാണ് ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യ അയക്കുക. ഒരു ഗൈഡന്‍സ് മിസൈല്‍ പ്രതിരോധ സംവിധാനം, ഒരു മിസൈല്‍ ഫ്രിഗൈറ്റ് എന്നിവയടങ്ങിയ നാല് യുദ്ധകപ്പലുകളാണ് ഇന്ത്യ ചൈനീസ് ഭീഷണിയുളളയിടങ്ങളില്‍ വിന്യസിക്കുക. തെക്കു കിഴക്കന്‍ ഏഷ്യ,ദക്ഷിണ ചൈനാ കടല്‍, പടിഞ്ഞാറന്‍ പസഫിക് ഭാഗങ്ങളിലാണിത്.
സൗഹൃദരാജ്യങ്ങളുമായി സമാധാനപരമായ സാന്നിദ്ധ്യമായും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മേഖലയില്‍ സമാധാനത്തിനുമാണ് ഇന്ത്യന്‍ സേന ഇതിലൂടെ ശ്രമിക്കുന്നതെന്ന് നാവികസേന അറിയിച്ചു. പ്രധാനമായും അമേരിക്കയുമായി ചൈനയുടെ അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഭാഗമാണ് ദക്ഷിണ ചൈനാ കടല്‍ മേഖല.
ചൈനയുടെ അവകാശവാദം നിലനില്‍ക്കെ തന്നെ അമേരിക്കയുടെ യുദ്ധകപ്പലായ യുഎസ്‌എസ് റൊണാള്‍ഡ് റീഗന്‍ ജൂണ്‍ മാസത്തില്‍ ഈ മേഖലയില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് യുദ്ധകപ്പല്‍ ഇവിടെ ഫിലിപ്പൈന്‍ കടലില്‍ സൈനിക അഭ്യാസം നടത്താന്‍ ഒരുങ്ങുകയാണ്. ഗുവാം തീരത്ത് അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും വാര്‍ഷിക യുദ്ധാഭ്യാസം നടത്താനിരിക്കുകയാണ്. ഈ നാല് രാജ്യങ്ങളും ചേര്‍ന്ന ക്വാഡ് എന്ന അനൗദ്യോഗിക സംഘമാണ് മേഖലയില്‍ ചൈനയുടെ ഭീഷണിയെ എതിര്‍ക്കുന്നത്.അതേ സമയം മേഖലയില്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന സൈനികാഭ്യാസത്തെ ചൈന മുന്‍പ് തന്നെ വിമര്‍ശിച്ചിരുന്നു.