തീവ്രവാദികളെ ഭയന്ന് നിരവധി കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം വീടുകളും സ്വത്തുവകകളും ഉപേക്ഷിച്ച് വിവിധയിടങ്ങളിലേക്ക് പാലായനം ചെയ്യേണ്ടിവന്നിരുന്നു. ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍പ്രകാരം ഏകദേശം അറുപതിനായിരത്തിലധികം പേരാണ് അന്ന് ഇത്തരത്തില്‍ വീടുകള്‍ ഉപേക്ഷിച്ചത്. വര്‍ഷങ്ങളായി പണ്ഡിറ്റുകളെ കാശ്മീരില്‍ തിരികെ എത്തിക്കാനും പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ പണ്ഡിറ്റുകള്‍ക്ക് നഷ്ടപ്പെട്ട ഭൂമിയും വീടുകളും വീണ്ടെടുക്കുന്നതിനായുളള നടപടികള്‍ ത്വരിതപ്പെടുത്താനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുകയാണ് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍. ഈ പോര്‍ട്ടലില്‍ തങ്ങളുടെ പൂര്‍വ്വികരുടെ ഭൂമിയെക്കുറിച്ചോ വീടിനെക്കുറിച്ചോ വിവരം നല്‍കിയാല്‍, അടുത്ത 15 ദിവസത്തിനുള്ളില്‍ നടപടികള്‍ ആരംഭിക്കുന്നതായിരിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാശ്മീരി പണ്ഡിറ്റുകള്‍ക്കായി ജമ്മു കാശ്മീര്‍ മൈഗ്രന്റ് ഇമ്മുവബിള്‍ പ്രോപ്പര്‍ട്ടി ആക്‌ട് പൂര്‍ണ്ണമായി നടപ്പാക്കാന്‍ ജമ്മു കാശ്മീര്‍ ഭരണകൂടം ഉത്തരവിട്ട് ഏകദേശം ഒരു മാസം പിന്നിടാനൊരുങ്ങുന്ന വേളയിലാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.1990-കളില്‍ വീടുകളും ഭൂമികളും ബലമായി പണ്ഡിറ്റുകളില്‍ നിന്നും പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം സംജാതമായിരുന്നു. അതേസമയം ചിലര്‍ തങ്ങളുടെ ഭൂമിയും സ്ഥലവും തുശ്ചമായ വിലയ്ക്ക് വില്‍കുകയും കാശ്മീരില്‍ നിന്നും പാലായനം ചെയ്യുകയും ചെയ്തു. തങ്ങളുടെ ഭൂമി തിരിച്ചു പിടിക്കണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍ തുറന്നിരിക്കുന്ന പോര്‍ട്ടലില്‍ ഇതുവരെ 745 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.