ജമ്മു കാശ്മീരില്‍അടുത്ത സമയങ്ങളിൽ നടന്ന തുടര്‍ച്ചയായ കൊലപാതകങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടെന്നും ഈ സംഘടനകള്‍ പുതുതായി റിക്രൂട്ട് ചെയ്തവരാണ് ഈ കൊലപാതകങ്ങള്‍ നടത്തിയതെന്നുമാണ് കരുതപ്പെടുന്നത്. ജമ്മു കാശ്മീരിലെ ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്‍.ഐ.എ മേധാവി കുല്‍ദീപ് സിംഗ് ഇപ്പോള്‍ ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിലാണെന്നും ഈ സംഭവങ്ങള്‍ സംബന്ധിച്ച് അദ്ദേഹം ജമ്മു കാശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. ഈ കൂടിക്കാഴ്ചകളില്‍ ജമ്മു കാശ്മീര്‍ ഡി.ജി.പി, ഈ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരസംഘടനകളാണെന്നും അവരുടെ ലക്ഷ്യം ഭീതി പരത്തുകയും കാശ്മീര്‍ താഴ്‌വരയില്‍ ഭീകരവാഴ്ച സ്ഥാപിക്കുകയുമാണെന്നും വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മുന്‍പും ഇത്തരം കേസുകള്‍ എന്‍.ഐ.എ അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ദില്‍ബാഗ് സിംഗ്, ആഭ്യന്തര വകുപ്പ് മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഒരു കത്തെഴുതി. ഈ സംഭവങ്ങളെല്ലാം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയമാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, കത്തില്‍ ഒക്ടോബര്‍ അഞ്ചിന് നടന്ന കൊലപാതകങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും എന്‍.ഐ.എ മറ്റ് കേസുകളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളടക്കമുളളവര്‍ക്കെതിരെ നടന്ന ആക്രമങ്ങളും കൊലപാതകങ്ങളും ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ തയ്യാറാക്കിയ പദ്ധതി പ്രകാരം, ജമ്മു കാശ്മീരിലെ എല്ലാ തീവ്രവാദ ഗ്രൂപ്പുകളോടും അവരുടെ സംഘടനകളിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതായി നേരത്തെ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഒരു കാലത്ത് ഇവിടെ നിന്നും പാലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരാനും അവരുടെ സ്വത്തുവകകള്‍ വീണ്ടെടുക്കാനുമുളള ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
തീവ്രവാദ സംഘടനകളിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുകയും തദ്ദേശീയര്‍ക്ക് നേരെ ആക്രമം അഴിച്ച് വിടുന്നതും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു പിന്നാലെ കാശ്മീരില്‍ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായേക്കും.