കശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. നേരത്തെ കാശ്മീരില്‍ നടന്ന കൊലപാതകങ്ങളില്‍ പങ്കാളികളായ ‘ദ് റെസിസ്റ്റന്‍സ് ഫ്രണ്ടു’മായി ബന്ധമുള്ള മൂന്നു പേരെ ഉള്‍പ്പെടെയാണ് സൈന്യം വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കഴിഞ്ഞ ദിവസം മലയാളി ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.തിങ്കളാഴ്ച വൈകിട്ട് തുടങ്ങിയ ഭീകരവിരുദ്ധ ഓപ്പറേഷനിലാണു 5 പേരെ വധിച്ചത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കിയെങ്കിലും വിസമ്മതിച്ചതോടെ വകവരുത്തുകയായിരുന്നു.
കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ ഒരാള്‍ ഗന്ധര്‍ബാലിലെ മുഖ്താര്‍ ഷാ ആണെന്നു തിരിച്ചറിഞ്ഞു. തെരുവ് കച്ചവടക്കാരനായ വീരേന്ദ്ര പാസ്വാനെ കഴിഞ്ഞയാഴ്ച കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഷോപിയാനിലേക്കു മാറുകയായിരുന്നെന്ന് ഐജി വിജയ്‌കുമാര്‍ പറഞ്ഞു.
ഫെരിപോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ക്കെതിരായി സുരക്ഷാസേന സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് രണ്ട് ബഹുനില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.