ഏപ്രില്‍ 10, ലോക ഹോമിയോപ്പതി ദിനം.ജര്‍മന്‍ ഭിഷഗ്വരനായ സാമുവല്‍ ഹനിമാന്‍. ഹോമിയോപ്പതിയെ ഈ ലോകത്തിന് സമ്മാനിച്ചിട്ട് ഏകദേശം 226 വര്‍ഷങ്ങള്‍ പിന്നിടുന്നു

ഏപ്രില്‍ 10, ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതിയുടെ സ്ഥാപകനായ ഡോ. സാമുവല്‍ ഹനിമാന്റെ 267ാമത് ജന്മദിനം. ജര്‍മന്‍ ഭിഷഗ്വരനായ അദ്ദേഹം ഹോമിയോപ്പതിയെ ഈ ലോകത്തിന് സമ്മാനിച്ചിട്ട് ഏകദേശം 226 വര്‍ഷങ്ങള്‍ പിന്നിടുന്നു.ഈ ചുരുങ്ങിയ കാലങ്ങള്‍കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ജനസമ്മതിയുള്ള സമാന്തര ചികിത്സാരീതിയായി ഹോമിയോപ്പതി വളര്‍ന്നു. 2017ലെ കണക്കുകള്‍ പ്രകാരം ലോകത്ത് 200 ദശലക്ഷം ആളുകള്‍ തുടര്‍ച്ചയായി ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നു. ലോകത്തില്‍ 80ഓളം രാജ്യങ്ങളില്‍ ഹോമിയോപ്പതി ഉപയോഗത്തിലുണ്ട്. 42 ഓളം രാജ്യങ്ങളില്‍ നിയമാനുസൃതമായി ഒരു സ്വതന്ത്ര ചികിത്സാരീതിയായി ഹോമിയോപ്പതിയെ സ്വീകരിച്ചിരിക്കുന്നു. 28ഓളം രാജ്യങ്ങളില്‍ ഇതിനെ ഒരു സമാന്തര ചികിത്സാരീതിയായി ഉപയോഗിക്കുന്നു. ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന ചികിത്സാരീതിയും ഹോമിയോപ്പതിതന്നെ.

ഹോമിയോപ്പതിയുടെ ഫലപ്രാപ്തി കഴിഞ്ഞ രണ്ടര നൂറ്റാണ്ടായി ലോകം അനുഭവിക്കുന്നു. 1830ലെ കോളറ മുതല്‍ 1918ലെ സ്പാനിഷ് ഫ്ലൂവരെ ലോകത്തെ അതീവ ദുരന്തത്തിലാഴ്ത്തിയ പകര്‍ച്ചവ്യാധികള്‍ക്ക് മുന്നില്‍ സാമ്ബ്രദായിക അലോപ്പതി ചികിത്സാരീതി പകച്ചുനിന്നപ്പോള്‍ രക്ഷക്കെത്തിയത് ഹോമിയോപ്പതിയായിരുന്നു. 1974ല്‍ ബ്രസീലില്‍ കുട്ടികള്‍ക്കിടയില്‍ മസ്തിഷ്കജ്വരം പടര്‍ന്നുപിടിച്ചപ്പോള്‍ അത് തടഞ്ഞുനിര്‍ത്തിയത് ഹോമിയോപ്പതി പ്രതിരോധമരുന്നുകളായിരുന്നു. എന്തിനേറെ 1990 മുതല്‍ ഇന്ത്യയില്‍ ജപ്പാന്‍ ജ്വരം പടര്‍ന്നുപിടിച്ചപ്പോള്‍ വാക്സിനുകള്‍ക്ക് ഫലപ്രാപ്തിയില്ലാതായപ്പോള്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഹോമിയോപ്പതി മരുന്നുകള്‍ പ്രത്യേക ഇടവേളകളില്‍ 1990 മുതല്‍ വിതരണം ആരംഭിക്കുകയും ശേഷം അസുഖ-മരണ നിരക്കുകള്‍ കാര്യമായി കുറക്കാന്‍ സാധിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അനേകം മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ലഭ്യമാണ്.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് സാമുവല്‍ ഹനിമാന്‍. മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കി, രോഗീപരിശോധന ആരംഭിച്ച അദ്ദേഹം അന്നത്തെ ചികിത്സാരീതികളില്‍ പൂര്‍ണ അതൃപ്തനും ചികിത്സമൂലം രോഗികള്‍ നേരിടുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളില്‍ അസ്വസ്ഥനുമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം മെഡിക്കല്‍ പ്രാക്ടീസ് ഉപേക്ഷിക്കുകയും ഒരു ബദല്‍ ചികിത്സാരീതിയെപ്പറ്റിയുള്ള അന്വേഷണങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. അക്കാലത്തെ പ്രമുഖമായ ‘കല്ലന്‍സ് മറ്റീരിയ മെഡിക്ക’ തര്‍ജമ ചെയ്യുന്നതിനിടയില്‍, മലേറിയക്ക് കൊടുക്കുന്ന സിന്‍കോണ എന്ന ഔഷധത്തെപ്പറ്റിയുള്ള ചില പ്രതിപാദ്യങ്ങളില്‍ സംശയം തോന്നിയ അദ്ദേഹം സിന്‍കോണയുടെ ഔഷധഗുണങ്ങള്‍ പഠിക്കുന്നതിനായി, അതിന്റെ തൊലിയരച്ച്‌ കഴിച്ചുനോക്കുകയും ചെയ്തു.

സിന്‍കോണ കഴിച്ചതിനുശേഷം അദ്ദേഹത്തില്‍ മലേറിയ പനിപോലെയുള്ള ലക്ഷണങ്ങള്‍ പ്രകടമായി. ശേഷം മറ്റുപലര്‍ക്കും ഇതേ ലക്ഷണങ്ങള്‍ കണ്ടു. ‘രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള വസ്തുക്കള്‍ക്ക് സമാന ലക്ഷണങ്ങളുള്ള രോഗങ്ങളെ ശമിപ്പിക്കാനും കഴിയും എന്ന ‘സിമിലിയ സിമിലിബസ് കറന്‍ഡര്‍’ എന്ന ഹോമിയോപ്പതിയുട അടിസ്ഥാന തത്ത്വത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസും ശേഷം വന്ന പാരാസെല്‍സുമെല്ലാം സിമിലിയ സിദ്ധാന്തത്തെ പറ്റി സൂചനകള്‍ നല്‍കിയവരായിരുന്നു. ഡോ. സാമുവല്‍ ഹനിമാന്റെ സിന്‍കോണ പരീക്ഷണം ആരോഗ്യമേഖലയിലെ ഒരു പുതുയുഗപ്പിറവിയിലേക്ക് നയിക്കുകയും ‘ഹോമിയോപ്പതി’ എന്ന പുതിയ വൈദ്യശാസ്ത്ര ശാഖയുടെ ജനനത്തിന് കാരണമാവുകയും ചെയ്തു. 1843 ജൂലൈയില്‍ മരണപ്പെടുന്നതുവരെ അദ്ദേഹം ഹോമിയോപ്പതിയിലെ പരീക്ഷണ-നിരീക്ഷണങ്ങളില്‍ വ്യാപൃതനായി. സിന്‍കോണക്കുശേഷം ഇന്ന് 2022ല്‍ എത്തിനില്‍ക്കുമ്ബോള്‍ 8000ലധികം ഹോമിയോപ്പതി മരുന്നുകള്‍ പ്രൂവ് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ 2000ത്തോളം മരുന്നുകള്‍ സ്ഥിരമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഡോ. ഹനിമാനിലൂടെ ഹോമിയോപ്പതി ആദ്യം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കും പിന്നീട് ഏഷ്യയിലേക്കും ശേഷം, ലോകം മുഴുവനും വ്യാപിച്ചു. ഹോമിയോപ്പതിയുടെ ആരംഭം മുതല്‍തന്നെ അത് ഇന്ത്യയില്‍ പ്രചാരം നേടി. ഹോമിയോപ്പതിയുടെ വളര്‍ത്തമ്മ ജര്‍മനിയാണെങ്കിലും ഹോമിയോപ്പതിയുടെ പോറ്റമ്മ ഇന്ത്യയാണ്. ലോകത്ത് സര്‍വനാശം വിതച്ച പകര്‍ച്ചവ്യാധികളില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വ്യാപകമായി ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിക്കപ്പെട്ടു.

ഹോമിയോപ്പതി മരുന്നുകള്‍ താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞവയാണ്. കുട്ടികളിലെന്നപോലെതന്നെ ഏതുപ്രായക്കാര്‍ക്കും ഫലപ്രദവുമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ഉദ്ദീപിപ്പിച്ചുകൊണ്ട്, അതിന് സമാന്തരമായാണ് ഹോമിയോപ്പതി മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത്. ചുരുക്കംചില എമര്‍ജന്‍സി അസുഖങ്ങളൊഴികെ മഹാഭൂരിപക്ഷം അസുഖങ്ങളും ഹോമിയോപ്പതിയിലൂടെ ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കും. അലര്‍ജി, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍, ലിവര്‍ സിറോസിസ്, എക്സിമ, സോറിയാസിസ്, വന്ധ്യത തുടങ്ങി ഒട്ടനേകം രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ഫലപ്രദമാണ്. പാശ്വഫലങ്ങള്‍ കുറവുള്ള പ്രകൃതിദത്തമായ ഇത്തരം ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.ഹോമിയോപ്പതിയും ആയുര്‍വേദവും പോലുള്ള സമാന്തരചികിത്സകളെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തതാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here