‘മുസ്ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല,സമസ്ത പ്രസിഡന്റ്

71

ജമാത്തിന്റെ നിയന്ത്രണത്തിലുള്ള വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ചേരല്‍ കൊണ്ട് വന്നുചേരുന്ന ഗുണവും ദോഷവും മുസ്ലിം ലീഗ് തന്നെ അനുഭവിക്കേണ്ടതാണെന്നും മുസ്ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ലെന്നും വ്യക്തമാക്കി സമസ്ത കേരള ജമീയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ജമാത്ത് ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രത്തോടും അവര്‍ സ്വയം മതസംഘടനയായി കണക്കാക്കുന്നതിലും തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം, മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഒരു മലയാള വാര്‍ത്താ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എ.ഐ.എം.ഐ.എം നേതാവ് അസാസുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയെ സമസ്ത പിന്താങ്ങുന്നില്ലെന്നും തീവ്രത കുത്തിവെയ്ക്കുന്ന മതപാര്‍ട്ടികളോട് സമസ്തയ്ക്ക് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. ജമാത്തിന്റെ സ്വാധീനം ലീഗിന് ഉണ്ടായിരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മുത്തുക്കോയ തങ്ങള്‍ പറയുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ കൂട്ടുകെട്ട് തിരഞ്ഞെടുപ്പില്‍ ജയിക്കാനുളള നീക്ക്‌പോക്കായിരിക്കാം. ജമാത്തിന്റെ നയത്തോട് അവര്‍ യോജിക്കില്ലായിരിക്കാം. അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി ഒരു പാര്‍ട്ടി വരേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ബീഹാറില്‍ തോല്‍ക്കാന്‍ കാരണമായത് കോണ്‍ഗ്രസിന്റെ ജാഗ്രതക്കുറവാണ്. മഹാസഖ്യത്തെ വികസിപ്പിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ്, സി,പി.എം ധാരണയെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.