കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുല്ലപ്പള്ളി

188

 

ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ രാജകുമാരി, കൊവിഡ് റാണി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് മുല്ലപ്പള്ളി ആരോഗ്യ മന്ത്രിയെ അധിഷേപിച്ച് സംസാരിച്ചത്. പ്രസതാവന വിവാദമായിട്ടും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്

നിപ രാജകുമാരി എന്ന് പേരെടുത്ത ശേഷം ആരോഗ്യ മന്ത്രി ഇപ്പോള്‍ കൊവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. നിപ പടര്‍ന്നുപിടിച്ച സമയത്ത് ഗസ്റ്റ് ആര്‍ട്ടിസ്റ്റായി അവിടെ തമ്പടിച്ച ആരോഗ്യ മന്ത്രി പേരെടുക്കാനാണ് ശ്രമിച്ചത്. നിപ പ്രതിരോധത്തിന്റെ യഥാര്‍ത്ഥ ക്രെഡിറ്റ് ആത്മാര്‍ത്ഥമായി സേവനം ചെയ്ത ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രവാസി പ്രശ്‌നത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിന് പ്രതിപക്ഷത്തെ അടിക്കാന്‍ മുല്ലപ്പള്ളി വടി നല്‍കിയെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയയാണെന്ന ചെന്നിത്തലയുടെ പ്രസ്താവന പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയായെന്നും കോണ്‍ഗ്രസില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.