വാര്‍ത്താവതാരകരെ തേച്ചൊട്ടിച്ച് എംബി രാജേഷ് എം പി..നിശാചര്‍ച്ചകളില്‍ കോമരം തുള്ളിയിരുന്ന അവതാര(കര്‍)ങ്ങളേ നിങ്ങള്‍ക്ക് ലജ്ജയുണ്ടോ?

22544

ഓഖി ദുരന്തത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെതിരെ എംബി രാജേഷ് എംപി. ഓഖി’ ചുഴലിക്കാറ്റ് ആഞ്ഞടിച്ച് നാശം വിതച്ചത് കടലിലാണെങ്കില്‍ അതിനു ശേഷം ഇത്രനാളായി നുണചുഴലി വീശിയടിക്കുന്നത് കരയിലാണ്. കടലിലെ ന്യൂനമര്‍ദ്ദമല്ല രാഷ്ട്രീയ ഉപജാപങ്ങളാല്‍ നിദ്രാവിഹീനങ്ങളായ ന്യൂസ് റുമുകളിലെ അതിമര്‍ദ്ദമാണ് ഈ ചുഴലിയുടെ പ്രഭവ കേന്ദ്രമെന്നും രാജഷ് പറയുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ മറുപടിയോടെ വിരാമമായത്. നവം.30 ന് 11 .55 നാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഐ.എം.ഡി നല്‍കിയത് എന്ന് കേന്ദ്രആഭ്യന്തര മന്ത്രി ആധികാരികമായി പാര്‍ലമെന്റില്‍ അറിയിച്ചു. ഇതുതന്നെയല്ലേ മുഖ്യമന്ത്രിയും കേരള സര്‍ക്കാരും അന്നു മുതല്‍ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്. നവം.29 ന് മുന്നറിയിപ്പ് നല്‍കി എന്ന് നുണയുടെ സംഘഗാനം ആലപിച്ചുകൊണ്ടിരുന്ന, നിശാചര്‍ച്ചകളില്‍ കോമരം തുള്ളിയിരുന്ന അവതാര(കര്‍)ങ്ങളേ നിങ്ങള്‍ക്ക് ലജ്ജയുണ്ടോ? സാദ്ധ്യതയില്ല. പശ്ചാത്താപത്തിനും വീണ്ടുവിചാരത്തിനും സാധ്യതയൊട്ടുമില്ല. കാരണം നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് നിങ്ങളോട് പൊറുക്കാനാവുകയുമില്ല.

ദുരന്തത്തില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ കാത്തിരുന്ന പ്രതിപക്ഷത്തിന് രാഷ്ട്രീയഇന്ധനം പകരുകയായിരുന്നു നിങ്ങള്‍. നാടു മുഴുവന്‍ വിലപിച്ചപ്പോള്‍, നഷ്ടപ്പെട്ടവരെയോര്‍ത്ത് ഉറ്റവരുടെ നെഞ്ച് പിടഞ്ഞപ്പോള്‍ നിങ്ങള്‍ ഗൂഢാഹ്‌ളാദം ഉള്ളിലൊതുക്കി നിശാചര്‍ച്ചകളില്‍ വ്യാജം പ്രചരിപ്പിച്ചും കപടരോഷം പ്രകടിപ്പിച്ചും അഴിഞ്ഞാടി. മൃതശരീരം വച്ച് വിലപേശാന്‍ ആഹ്വാനം ചെയ്തു. തീരത്തിന് തീ കൊളുത്താന്‍ നോക്കി. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ വസ്തുതകള്‍ ഇത്രയും കാലം ആടിത്തിമിര്‍ത്ത നുണകള്‍ തുറന്നു കാണിച്ചിരിക്കുന്നെന്ന് രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു