ഇനി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്ര൦ പോലീസ് പാസ്.

86

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവിടങ്ങളില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമായിരിക്കും അനുമതി. ഇതിനായി പോലീസ് സ്‌റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പൂര്‍ണ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ തുടരും. അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ പരിമിത തോതില്‍ ആരംഭിക്കും. തൊട്ടടുത്ത ജില്ലയിലേക്ക് മാത്രമായിരിക്കും ബസ് സര്‍വീസ്. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര അനുവദിക്കും. യാത്രക്കാര്‍ മാസ്‌ക്ക് ധരിക്കണം. സാനിറ്റൈസര്‍ ഉള്‍പ്പെടെ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കണം. കാറുകളില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് യാത്രക്കാരെ അനുവദിക്കും. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ടു യാത്രക്കാര്‍ക്കാണ് അനുമതി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേര്‍ എന്ന പരിധി നിശ്ചയിച്ച്‌ വിവാഹം നടത്താന്‍ അനുവദിക്കും. ഒരു ദിവസം എത്ര വിവാഹം നടത്തണമെന്ന കാര്യം ഗുരുവായൂര്‍ ദേവസ്വം തീരുമാനിക്കും. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും വിവാഹങ്ങള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈയിലോ അതിനു ശേഷമോ തുറന്നാല്‍ മതിയെന്നാണ് തീരുമാനം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. കൂട്ടം കൂടുന്നത് തുടര്‍ന്നും അനുവദിക്കില്ല. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ജൂണ്‍ എട്ടിന് ശേഷമുള്ള കേന്ദ്ര തീരുമാനം അനുസരിച്ച്‌ സംസ്ഥാനം നടപടി സ്വീകരിക്കും. മതമേധാവികളുമായി ചര്‍ച്ച നടത്തുമെന്നും സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും പാസെടുക്കുകയും വേണം. അയല്‍സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ദിവസവും മടങ്ങുന്നവര്‍ക്ക് 15 ദിവസത്തെ താത്ക്കാലിക പാസ് പോലീസ് നല്‍കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി ജില്ലയില്‍ ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്കും പാസ് നല്‍കും. പൊതുമരാമത്ത് ജോലിക്കായി ഇങ്ങനെയെത്തുന്നവര്‍ക്ക് പത്തു ദിവസത്തെ പാസ് അനുവദിക്കും. ട്രെയിനുകളില്‍ സംസ്ഥാനത്ത് യാത്രയാകാം. വിമാനത്തിലും ട്രെയിനുകളിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി റിട്ടേണ്‍ ടിക്കറ്റ് സഹിതം എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല. എന്നാല്‍ ഇവര്‍ ഒരാഴ്ചയ്ക്കകം മടങ്ങിപ്പോകണം.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇന്‍ഡോര്‍ സിനിമ ഷൂട്ടിംഗിന് അനുമതി നല്‍കും. 50 പേരിലധികം പാടില്ല. ചാനലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗിന് 25 പേര്‍ക്ക് അനുമതി നല്‍കും.സംസ്ഥാനത്ത് മാസ്‌ക്ക് വയ്ക്കാതെ പോയ 3075 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ച ഏഴു പേര്‍ക്കെതിരെ കേസെടുത്തു. കേരളത്തില്‍ ഉത്ഭവമറിയാത്ത ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സമൂഹവ്യാപനം ഉണ്ടായെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ റൂട്ട് മാപ്പില്‍ ചിലരെങ്കിലും ഉള്‍പ്പെടാതെ പോകുന്നതിനാല്‍ സംഭവിക്കുന്നതാണിത്. ട്രെസിംഗും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാനായതാണ് കേരളത്തിന്റെ വിജയം.

രോഗം വളരെക്കൂടുതലായ സ്ഥലങ്ങളിലെല്ലാം പരിശോധനയ്ക്കും ചികിത്‌സയ്ക്കും മാത്രം പ്രാധാന്യം നല്‍കിയതാണ് തിരിച്ചടിയായത്. ഒരു രോഗി മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്തുന്നതിനുള്ള ലോക ശരാശരി മൂന്ന് ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 0.45 ആണ്. മറിച്ചായിരുന്നെങ്കില്‍ നിലവിലെ 670 കേസുകള്‍ രണ്ടാഴ്ച കൊണ്ട് 25,000 ആയി മാറിയേനെ.മഴക്കാലം കൂടി വരുന്നതോടെ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കാനുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കും. ടെലിമെഡിസിന്‍ പദ്ധതിയുടെ കുറവ് പരിഹരിച്ച്‌ വ്യാപിപ്പിക്കും. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് താഴെത്തട്ടില്‍ മൊബൈല്‍ ക്‌ളിനിക്കുകള്‍ ആരംഭിക്കും. കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മൃതദേഹം മറവ് ചെയ്യുന്നതിന് കേന്ദ്ര ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം കേരളം നടപ്പാക്കും.