ജനാധിപത്യത്തിന്റെ കൊലയാണ് ബംഗാളിൽ നടക്കുന്നത്. മമത ബാനർജി സർക്കാരിനെ വിമർശിച്ച്‌ മോഡി.

302

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അക്രമ സംഭവങ്ങളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനാധിപത്യത്തിന്റെ കൊലയാണ് ബംഗാളില്‍ നടക്കുന്നതെന്ന് മോഡി വിമര്‍ശിച്ചു. തിങ്കളാഴ്ച നടന്ന പോളിംഗിനിടെ സംഘര്‍ഷത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതിനോട് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രതികരിക്കുകയായിരുന്നു മോഡി. എന്നാല്‍ മോഡിയുടേത് നിരാശയില്‍ നിന്നുള്ള പൊട്ടിത്തെറിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. ബംഗാളില്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും ജനങ്ങളെ അനുവദിക്കുന്നില്ല. സംസ്ഥാനത്തെ ഭരണകക്ഷിയുടേത് ഒഴികെ എല്ലാ പാര്‍ട്ടികളിലേയും ആളുകളെ ആക്രമിക്കുകയാണ്. അവര്‍ കൊല്ലപ്പെട്ടു. ഇത് ഗൗരവമുള്ള വിഷയമാണ്. പശ്ചിമ ബംഗാള്‍ പോലെ മഹത്തായ ഒരു സംസ്ഥാനത്താണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. ജനാധിപത്യത്തിന്റെ ആത്മാവ് എവിടെയാണെന്നും മോഡി ചോദിച്ചു. തെരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല, ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും കോടതിയും എല്ലാം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ആരേയും കുറ്റപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തെ കുറിച്ച്‌ മാത്രമാണ് താന്‍ ആശങ്കപ്പെടുന്നതെന്നും മോഡി പറഞ്ഞു. അതേസമയം, ബി.ജെ.പി ആക്രമണത്തില്‍ 10 തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു. ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ പോലും കൊല്ലപ്പെട്ടിട്ടില്ല. 568 ബൂത്തുകളില്‍ ബുധനാഴ്ച റിപോളിംഗും നടക്കുന്നുണ്ട്. പിന്നെ എന്തിനാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇത് വളരെ നിര്‍ഭാഗ്യകരമാണെന്നും തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി ആരാഞ്ഞു.