മരുന്ന് നല്‍കാതെ മാസത്തോളം മന്ത്രവാദ പീഡനം -മലപ്പുറത്ത് യുവാവ് മരിച്ചു-സുഹൃത്തിനയച്ച സന്ദേശം പുറത്ത്‌

1733

മഞ്ചേരിയിലെ ദുർമന്ത്രവാദകേന്ദ്രത്തിൽ രോഗബാധിതനായ യുവാവ്‌ മരുന്നുപോലും കഴിക്കാൻ കഴിയാതെ മരിച്ചുവെന്ന്‌ സുഹൃത്ത്‌. പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ്‌ അലി (38) കഴിഞ്ഞ ദിവസമാണ്‌ ലിവർ സിറോസിസ്‌ ബാധിച്ച്‌ മരിച്ചത്‌. 25 ദിവസത്തോളം തന്നെ മരുന്നുപോലും കഴിക്കാൻ അനുവദിക്കാതെ ദുർമന്ത്രവാദികൾ തടവിലാക്കിയെന്ന്‌ സുഹൃത്ത്‌ ഷിബുവിനയച്ച ഓഡിയോയിൽ പറയുന്നു.

ലിവർ സിറോസിസിനു മരുന്നു കഴിച്ചുകൊണ്ടിരുന്ന എന്നെ ഇരുപത്തഞ്ച്‌ ഇരുപത്താറുദിവസം പുറം ലോകവുമായി ബന്ധപ്പെടാനോ ആരോടെങ്കിലും സംസാരിക്കാനോപോലും അനുവദിച്ചില്ല. ഡോക്‌ടർ നിർദ്ദേശിച്ച മരുന്നുകൾ അനിസ്ലാമികമാണെന്ന് പറഞ്ഞ്‌ കുടിക്കാനനുവദിക്കാതെ തടഞ്ഞു. ഫിറോസ്‌ ഓഡിയോ മെസേജിൽ പറയുന്നു. മഞ്ചേരി സത്യസരണിക്കടുത്ത്‌ ചരണിയിൽ  ഫിറോസ്‌, അബ്‌ദുൾ സലാം തുടങ്ങിയവരാണ്‌ ഈ കേന്ദ്രത്തിന്‌ പിന്നിലെന്നും ക്ലിപ്പിലുണ്ട്‌.

ആയുർവേദ മരുന്ന്‌ കഴിച്ചിരുന്ന സമയത്താണ്‌ മന്ത്രവാദികൾ കുടുംബങ്ങളെ സ്വാധീനിച്ചത്‌. വയറിനുള്ളിൽ ഗണപതിയാണ്‌, പൂജാരിയാണ്‌ അല്ലാതെ ഇതൊരു അസുഖമല്ല എന്നാണ്‌ അവർ പറഞ്ഞിരുന്നത്‌. അതിനെ കൊന്നെങ്കിലേ അസുഖം മാറൂ. 25 ദിവസത്തോളം ക്രൂരമായ ചികിത്സാരീതികളായിരുന്നു കേന്ദ്രത്തിൽ. തീരെ വയ്യാതായിട്ടും ഡോക്‌ടർ നിർദ്ദേശിച്ച മരുന്ന്‌ കുടിക്കാൻ അനുവദിച്ചില്ല. ഈ മരുന്നുകൾ മുസ്ലീംങ്ങൾക്ക്‌ കഴിക്കാൻ പാടില്ലെന്ന്‌ വിശ്വസിപ്പിച്ചു.

ഇതോടെ ശരീരം ആകെ തളർന്നു. ഭക്ഷണം കഴിക്കാൻ കഴിയാതെയായി. ദിവസം ചികിത്സയ്‌ക്ക്‌ 10000 രൂപയാണ്‌ ഇവർ വാങ്ങിയിരുന്നത്‌. കുടുംബത്തോട്‌ എത്ര വാങ്ങിയെന്ന്‌ അറിയില്ല. അവിടെനിന്ന്‌ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച്‌ വീണ്ടും അവിടെ നിർത്തി. ഫിറോസ്‌ എന്ന പേര്‌ ഒരിക്കൽപ്പോലും വിളിക്കാൻ കൂട്ടാക്കാതെ ശെയ്‌ത്താൻ എന്നാണ്‌ അവർ വിളിച്ചിരുന്നത്‌. ഇനിയൊരാളെയും ഇവർ വഞ്ചിക്കരുത്‌. ഇവർക്കെതിരെ ശക്തമായ എന്തെങ്കിലും നടപടികൾ ഉണ്ടാകണമെന്നും ഫിറോസ്‌ അവസാനമായി അയച്ച വോയ്‌സ്‌ ക്ലിപ്പിൽ പറയുന്നു.