‘സ്വര്‍ഗത്തില്‍ പോകാന്‍ സ്വര്‍ണവും പണവും തരണം, പുറത്ത് പറഞ്ഞാല്‍ തല പൊട്ടിത്തെറിക്കും’: തട്ടിപ്പിനൊപ്പം ലൈംഗിക പീഡനവും, മദ്രസ അദ്ധ്യാപകന്‍ പിടിയില്‍

165

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുട്ടികളില്‍ നിന്നും പണവും സ്വര്‍ണവും അപഹരിച്ച മദ്രസ അധ്യാപകന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ ഉളിക്കലിലുള്ള മദ്രസയിലെ അദ്ധ്യാപകനായ 50 വയസുകാരനായ അബ്ദുള്‍ കരീം ആണ് പിടിയിലായത്. സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ പണവും സ്വര്‍ണവും ദാനം ചെയ്യണം എന്ന് ഇയാള്‍ കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇയാള്‍ പറഞ്ഞതനുസരിച്ച്‌ പ്രവര്‍ത്തിച്ച കുട്ടികളോട് സ്വര്‍ണം വീട്ടില്‍ നിന്ന് എടുത്ത് നല്‍കിയ കാര്യം പുറത്ത് പറഞ്ഞാല്‍ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ച ഒരു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മാല പോയത് കണ്ടെത്തിയതോടെ അവിടെയും തട്ടിപ്പുമായി അബ്‌ദുള്‍ കരീം എത്തി.മകളുടെ ശരീരത്തില്‍ ജിന്ന് ബാധിച്ചിട്ടുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞ പ്രതി ബാധ ഒഴിപ്പിച്ചാല്‍ സ്വര്‍ണ്ണം തിരികെ ലഭിക്കുമെന്നും അവരെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് രാത്രി ഒഴിപ്പിക്കല്‍ ചടങ്ങ് നടത്തി രണ്ടര പവന്റെ സ്വര്‍ണ്ണ മാല തിരികെ കൊടുക്കുകയായിരുന്നു.

സംഭവം നാട്ടില്‍ പ്രചരിച്ചതോടെ മദ്രസയില്‍ പോകുന്ന മറ്റ് കുട്ടികളുടേയും വീടുകളില്‍ നിന്നും സ്വര്‍ണം നഷ്ടമായ വിവരം പുറത്ത് വരികയും നിരവധി പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിലുള്ള മദ്രസ അദ്ധ്യാപകന്റെ പങ്ക് പുറത്തറിഞ്ഞത്. മതിയായ യോഗ്യതയില്ലാതെയാണ് ഇയാള്‍ മദ്രസ്സയില്‍ പഠിപ്പിച്ച്‌ കൊണ്ടിരുന്നതെന്നും കുട്ടികളില്‍ ഒരാളെ ഇയാള്‍ ലൈംഗിക പീഡനത്തിന ഇരയാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.