എം വിന്‍സെന്റ് എം എല്‍ എയുടെ സത്യഗഹം ആരംഭിച്ചു

337

അയല്‍വാസിയായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ  കോവളം എം എല്‍ എ എം വിന്‍സെന്റിന്റെ 24 മണിക്കൂര്‍ നിരാഹാര സത്യഗ്രഹം തിരുവനന്തപുരത്ത് ആരംഭിച്ചു.  പത്തുമണിക്ക് ആരംഭിച്ച സത്യഗ്രഹം ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് അവസാനിക്കും.

കോവളം കൊട്ടാരം സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയതിനെതില്‍ പ്രതിഷേധിച്ചാണ് വിന്‍സെന്റിന്റെ സത്യഗ്രഹം. കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലം എം എല്‍ എ ആയ തന്നെ കള്ളക്കേസില്‍ കുടുക്കിയതിനു ശേഷമാണ് കോവളം കൊട്ടാരം കൈമാറിയതെന്നും വിന്‍സെന്റ് ആരോപിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും സ്ഥലത്തെത്തിയിരുന്നില്ല. തിരുവനന്തപുരം ഡി സി സി സെക്രട്ടറി മാത്രമാണ് എത്തിയിട്ടുള്ളത്. നാളെ പത്തുമണിക്കു നടക്കുന്ന സത്യഗ്രഹത്തിന്റെ സമാപന സമ്മേളനത്തില്‍ കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍  പങ്കെടുക്കും.

എന്നാല്‍ വിന്‍സെന്റിന്റെ സത്യഗ്രഹം രാഷ്ട്രീയപ്രേരിതമാണെന്നും മുഖം മിനുക്കലാണെന്നുമാണ് സി പി എം ആരോപിക്കുന്നത്.