കേരളത്തില്‍ ലോക്ക്ഡൗണ്‍.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രം

132

കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട്ട് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

മരുന്നുകടകള്‍ അടക്കമുള്ള അവശ്യസര്‍വീസുകള്‍ ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ കടകളും അടച്ചിടണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. മാളുകളില്‍ പലചരക്ക് വില്‍പന മാത്രമേ അനുവദിക്കുകയുള്ളു. ലോക്ക് ഡൗണിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്തുടനീളം തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരും.

മാര്‍ച്ച്‌ 31 വരെ പൊതുഗതാഗതം നിറുത്തിവയ്ക്കും. പെട്രോള്‍ പമ്ബുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കും. സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യത്തിന് അനുവദിക്കും. അതേസമയം അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഹോട്ടലുകള്‍ തുറക്കും, എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി അനുവദിക്കും. സംസ്ഥാനത്തെ എല്ലാ ബാങ്കുകളും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

തിങ്കളാഴ്ച 28 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഇന്നു മാത്രം കൊറോണ സ്ഥിരീകരിച്ചത് 28 പേര്‍ക്കാണ്. മാര്‍ച്ച്‌ 31 വരെയാണ് ലോക്ക്ഡൗണ്‍. വെള്ളം, വൈദ്യുതി, ടെലികോം, അവശ്യഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന, മരുന്ന് തുടങ്ങിയ മുടക്കമില്ലാതെ ലഭ്യമാക്കും.