ലോറിഡ്രൈവറായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടസംഭവം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു.മരണകാരണം കഴുത്തു ഞെരിഞ്ഞുള്ള വീര്‍പ്പുമുട്ടല്‍ മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.ശക്തമായ അന്വേഷണം നടത്തി പ്രതികളെ രംഗത്തു കൊണ്ടുവരണമെന്ന് സിപിഐഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.വട്ടപ്പാറ വില്ലേജില്‍ പന്തലക്കോട് കരിപ്പുംമുകള്‍ പുത്തന്‍ വീട്ടില്‍ സജി(41)യുടെ മരണത്തിന്മേലാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തും വിധമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നത്.2021 ഫെബ്രുവരി 19ന് രാത്രിയാണ് സജിയെ വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സജിയുടെ സമീപ വാസിയായ സതീശ് എന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കുളം.ലോറി ഡ്രൈവറായ സജി ഈ കുളത്തിനടുത്താണ് ലോറി പതിവായി പാര്‍ക്കു ചെയ്യുന്നത്.ഇടയ്ക്ക് ലോറി കഴുകുന്നതും ഈ കുളത്തിലെ ജലമുപയോഗിച്ചാണ്.നാലാഞ്ചിറ സ്വദേശിയായ ഒരാളുടെ സിമന്‍റു ലോറിയാണ് സജി സംഭവം നടക്കുന്നതുവരെ ഓടിച്ചിരുന്നത്.ജോലിയില്ലാത്തതിനാല്‍ രണ്ടുദിവസമായി ലോറി ഷെഡില്‍ പാര്‍ക്കു ചെയ്തശേഷം സജി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.സംഭവദിവസം വൈകിട്ട് ആറിന് വീട്ടില്‍ നിന്നും പുറത്തുപോയ സജി രാത്രി ഏറെ വൈകിയിട്ടും മടങ്ങി വന്നില്ല.തുടര്‍ന്ന് സഹോദരന്‍ സുജിയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയത്.
വട്ടപ്പാറപോലീസാണ് ഇതുസംബന്ധിച്ച് കേസെടുത്ത് അന്വേഷം നടത്തിയത്.
സാമ്പത്തിക ബാധ്യതകളോ മറ്റ് വലിയ ശത്രുതകളോ സജിക്ക് ഇല്ലാതിരുന്നതിനാല്‍ കുളത്തില്‍ കുഴഞ്ഞുവീണ് ശ്വാസംമുട്ടി മരിച്ചതാവും എന്നായിരു ആദ്യനിഗമനം.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൃത്യമായ കൊലപാതകത്തിലേയ്ക്കാണ് സജിയുടെ മരണത്തെ വിരല്‍ചൂണ്ടുന്നത്.സജി മരിച്ചു കിടന്ന കുളം ഒരാള്‍ക്ക് മുങ്ങിമരിക്കാന്‍ പോന്നവിധം ജലമുള്ള കുളമല്ലാഞ്ഞതിനാലും ഷെഡിനു സമീപം അന്നേ ദിവസം മറ്റു ചിലരുടെ സാമീപ്യം ശ്രദ്ധയില്‍പ്പെട്ടെന്ന സമീപ വാസിയുടെ മൊഴിയും കൊലപാതക സാധ്യത കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്.ഏതാനും നാളുകള്‍ക്കു മുമ്പ് സമീപവാസിയായ മറ്റൊരാള്‍ വീടുവെയ്ക്കുന്നതിനുവേണ്ടിയുള്ള അയാളുടെ സാധനസാമഗ്രികള്‍ സജിയുടെ വിളയില്‍ പതിവായി ഇറക്കി യാത്ര തടസ്സപ്പെടുത്തിയിരുന്നു.അതിനെ നിയമപരമായി സജി തടയുകയും അതിന്മേലുള്ള വൈരാഗ്യബുദ്ധിയില്‍ ആ സമീപവാസി ഇടക്കിടക്ക് പെരുമാറിയിരുന്നതായും സജിയുടെ ബന്ധുക്കള്‍ പറയുന്നു.മരണവുമായി ബന്ധപ്പെട്ട് നിലവില്‍ ബലപ്പെട്ടിട്ടുള്ള കൊലപാതക സാധ്യതയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സജിയുടെ മാതാവ് സൗദാമിനി ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.കൃത്യമായ അന്വേഷണം നടത്തി കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ.ആര്‍ ജയദേവന്‍ ഉന്നത പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.