പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇലക്ഷന്‍ വീഡിയോഗ്രാഫി കരാറിന്റെ പേരില്‍ വന്‍ അഴിമതിക്ക് കളമൊരുങ്ങുന്നതായി ആരോപണം. കഴിഞ്ഞ ഫെബ്രുവരി 25 ന് മൂന്നു മണിക്കായിരുന്നു ക്വട്ടേഷന്‍ സമര്‍പ്പിക്കുവാനുള്ള അവസാന സമയം. സംഘടനകളും വ്യക്തികളും ഇതിനോടകം രഹസ്യ സ്വഭാവത്തോടെ തങ്ങളുടെ ക്വട്ടേഷന്‍ നല്‍കിയിരുന്നു. ഫെബ്രുവരി 26 ന് മൂന്നരയോടെ വന്നിട്ടുള്ളവരുടെ സാന്നിധ്യത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കരാറുകള്‍ തുറന്ന് പരിശോധിച്ചു. ഒരു ദിവസം ഒരു വീഡിയോ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ 948 രൂപ മുതല്‍ 3400 രൂപ വരെ നിരക്കുകള്‍ രേഖപ്പെടുത്തിയ പതിനെട്ടോളം ക്വട്ടേഷനുകളാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ ലഭിച്ചത്. ക്വട്ടേഷന്‍ പരിശോധിച്ചതില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ആളുടെ ക്വട്ടേഷന്‍ അംഗീകരിച്ചു. എന്നാല്‍ അന്നേദിവസം വൈകിട്ട് ഇദ്ദേഹത്തിന്റെ മാതാവ് മരിച്ചതിനെ തുടര്‍ന്ന് ഇലക്ഷന്‍ വീഡിയോഗ്രാഫി കരാറില്‍ നിന്നും ഇദ്ദേഹം പിന്‍മാറുന്നതായി തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ അറിയിക്കുകയും രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് തൊട്ടുമുകളില്‍ 990, 1100 നിരക്ക് രേഖപ്പെടുത്തിയ വ്യക്തികളെ വിളിച്ചെങ്കിലും അവരാരും വീഡിയോഗ്രാഫി കരാര്‍ എടുക്കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയ രണ്ടു സംഘടനകളുടെ ക്വട്ടേഷന്‍ നില നിര്‍ത്തിക്കൊണ്ട് മറ്റെല്ലാവരും കരാറില്‍ നിന്നും പിന്‍വലിഞ്ഞു. 3300, 3400 എന്നീ തുകകളാണ് ഇവര്‍ രേഖപ്പെടുത്തിയിരുന്നത്. ഉയര്‍ന്ന തുകക്ക് വീഡിയോ കരാര്‍ സംഘടനക്ക് നേടിയെടുക്കുവാനുള്ള നാടകമായിരുന്നു നടന്നത്. എന്നാല്‍ ഇത്ര വലിയൊരു തുകക്ക് കരാര്‍ നല്‍കാന്‍ കഴിയില്ലെന്ന് ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ നിലപാടെടുത്തു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് 1950 രൂപ രേഖപ്പെടുത്തിയ പുതിയ ക്വട്ടേഷന്‍ ചിലരില്‍ നിന്നും ഉദ്യോഗസ്ഥര്‍ എഴുതിവാങ്ങി രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ കരാര്‍ നല്‍കുവാനുള്ള നീക്കമാണ് നടക്കുന്നത്. സമീപ ജില്ലകളില്‍ 950 രൂപക്കും 1200 രൂപക്കും കരാര്‍ നല്‍കിയപ്പോഴാണ് പത്തനംതിട്ടയില്‍ വന്‍തുകക്ക് കരാര്‍ നല്‍കുവാന്‍ രഹസ്യ നീക്കം നടക്കുന്നത്. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കുവാനും ചിലര്‍ നീക്കം ആരംഭിച്ചു. വീണ്ടും ക്വട്ടേഷന്‍ ക്ഷണിക്കുകയോ സമീപ ജില്ലകളിലെ നിരക്കില്‍ പത്തനംതിട്ടയില്‍ കരാര്‍ നല്‍കുകയോ ചെയ്യാം. ദിവസേന 1000 രൂപ നിരക്കില്‍ മിക്കവാറും വീഡിയോഗ്രാഫര്‍മാര്‍ ജോലി ചെയ്യുവാന്‍ തയ്യാറാണ്. വ്യക്തിപരമായി ഓരോരുത്തര്‍ക്കും ഓരോ യൂണിറ്റ് എന്ന കണക്കില്‍ നല്‍കിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വന്‍തുക ലാഭിക്കുവാന്‍ കഴിയും.