മലപ്പുറത്ത് പീഡനത്തിനിരയായ 17-കാരി വീട്ടില്‍ പ്രസവിച്ചു,യൂട്യൂബില്‍ കണ്ട് മനസ്സിലാക്കിയെന്ന് പെണ്‍കുട്ടി

പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ മുറിയ്ക്കുള്ളില്‍ പരസഹായമില്ലാതെ പ്രസവിച്ചു. പെണ്‍കുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷം. മലപ്പുറം കോട്ടയ്ക്കലിലാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അയല്‍വാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. എന്നാല്‍ ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബര്‍ 20-നാണ് വീട്ടിലെ മുറിയ്ക്കുള്ളില്‍വെച്ച് പ്രസവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്നതുള്‍പ്പെടെ ചെയ്തതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

23-ാം തീയതിയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയും കുഞ്ഞും നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.

അതിനിടെ, പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അയല്‍വാസിയായ 21-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. 

പെണ്‍കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവിന് കാഴ്ചാവൈകല്യമുണ്ട്. ഗര്‍ഭവും പ്രസവവും മറച്ചുവെയ്ക്കാന്‍ ഇവയെല്ലാം അനുകൂലമായെന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ വിലയിരുത്തല്‍. പെണ്‍കുട്ടിയുടെ വീട്ടിലെ സാഹചര്യം ചൂഷണം ചെയ്താണ് പ്രതി പീഡനത്തിനിരയാക്കിയതെന്നും അധികൃതര്‍ പറയുന്നു. 

ഗര്‍ഭകാലത്ത് രണ്ട് സ്വകാര്യ ആശുപത്രികളില്‍ പെണ്‍കുട്ടി ചികിത്സ തേടിയതായും വിവരമുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ല. ഒരുപക്ഷേ, യഥാര്‍ഥ പ്രായം മറച്ചുവെച്ചായിരിക്കാം ഇവിടങ്ങളില്‍ ചികിത്സ തേടിയത്. സംഭവത്തില്‍ ആശുപത്രികളില്‍നിന്ന് വിശദീകരണം ചോദിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു.

ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here