രാഷ്ട്രപതിക്ക് രക്തം കൊണ്ട് കത്തെഴുതി പെണ്‍കുട്ടികള്‍

148

കള്ളക്കേസില്‍ കുടുക്കി പോലീസ് വേട്ടയാടുകയാണെന്നും നീതി ലഭിക്കാന്‍ ഇടപെടണമെന്നും കാണിച്ച്‌ സ്വന്തം രക്തംകൊണ്ട് രണ്ട് പഞ്ചാബി പണ്‍കുട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. ഞങ്ങളെ ആരോ കുടുക്കിയതാണ്, പേടിച്ചുകൊണ്ടാണ് ജീവിക്കുന്നത്- കത്തില്‍ പറയുന്നു.

തങ്ങളെ ചിലര്‍ വഞ്ചനകേസില്‍ കുടുക്കിയതായും ഭയത്തോടെയാണ് കഴിയുന്നതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. രണ്ട് വിസ തട്ടിപ്പ് കേസാണ് തങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ളത്. തങ്ങളെ കുടുക്കിയതാണെന്നും പൊലീസിനോട് കൃത്യമായി അന്വേഷിക്കാന്‍ അഭ്യര്‍ഥിച്ചിട്ടും അവര്‍ കേള്‍ക്കാന്‍ തയാറായില്ലെന്നും കത്തില്‍ പറയുന്നതായി എ.എന്‍.ഐ റിപോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പെണ്‍കുട്ടികളുടെ ആരോപണം മോഗ പൊലീസ് ഓഫിസര്‍ കുല്‍ജീന്ദര്‍ സിങ് നിഷേധിച്ചു. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.

ചില സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നവരാണെന്ന് കാണിച്ചാണ് രണ്ടു പെണ്‍കുട്ടികളും തന്‍റെയടുത്ത് വന്നത്. അവര്‍ ഈടായി ചെക്ക് വാങ്ങിയെന്നും എതിര്‍ കക്ഷി ഏജന്‍റുമാരാണെന്ന് കരുതി തങ്ങള്‍ക്കെതിരെ കേസ് നല്‍കിയെന്നുമാണ് അവര്‍ പറഞ്ഞത്. മകനെ വിദേശത്ത് കൊണ്ടുപോകാനാണ് എതിര്‍കക്ഷി പണം നല്‍കിയതെന്നും പൊലീസ് ഓഫിസര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയ കാര്യം അറിഞ്ഞെന്നും എന്നാല്‍, ഔദ്യോഗികമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.