കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

142

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്.

ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെടും. ഇന്ത്യൻ സമയം ഏഴ് മണിക്ക് തിരുവനന്തപുരത്തെത്തും. മേയ് 29ന് കോഴിക്കോട്ടേക്കുള്ള വിമാനം കുവൈറ്റിൽ നിന്ന് വൈകുന്നേരം 3.40ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കോഴിക്കോട്ടെത്തും.

മേയ് 30ന് കണ്ണൂരിലേക്കുള്ള വിമാനം ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് രാത്രി 8.30ന് കണ്ണൂരിലെത്തും. ജൂൺ ഒന്നിന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം രാവിലെ 11.20ന് പുറപ്പെട്ട് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരത്തെത്തും. ജൂൺ രണ്ടിന് കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക് 12ന് പുറപ്പെട്ട് രാത്രി 7.30 ന് കൊച്ചിയിൽ എത്തും. ജൂൺ നാലിന് കോഴിക്കോട്ടേക്കുള്ള വിമാനം വൈകുന്നേരം 3.40ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കോഴിക്കോട്ട് എത്തിച്ചേരുന്നതാണ്.

മേയ് 29 ന് അഹമ്മദാബാദ്, 31ന് ജയ്പൂർ, ജൂൺ ഒന്നിന് അഹമ്മദാബാദ്, ജൂൺ നാലിന് ഡൽഹി, ജൂൺ അഞ്ചിന് ഡൽഹി വഴി ഗയ, ജൂൺ ആറിന് ഡൽഹി വഴി ഭുവനേശ്വർ, ജൂൺ ഏഴിന് ലക്നൗവിലേക്കുമാണ് മറ്റുള്ള ഏഴ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.