പ്രവാസി ചിട്ടി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി തുടക്കം

257

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. അംശാദായം കെ.എസ്.എഫ്.ഇയാണ് അടയ്ക്കുക. കുറഞ്ഞത് 10,000 രൂപ പ്രതിമാസ അടവ് വരുന്ന ചിട്ടിയില്‍ 60 മാസത്തവണകളെങ്കിലും അടയ്ക്കുന്നവര്‍ക്കാണ് പദ്ധതി ലഭ്യമാവുക. നവംബര്‍ ഒന്നുമുതല്‍ പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരള പ്രവാസി ക്ഷേമബോര്‍ഡാണ് പ്രവാസി ക്ഷേമ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ അംഗമായവര്‍ക്കും ഇനി അംഗമാകുന്നവര്‍ക്കും പ്രവാസി ചിട്ടിയില്‍ ചേരുമ്ബോള്‍ അംഗത്വ നമ്ബര്‍ നല്‍കി പെന്‍ഷന്‍ ആനുകൂല്യം തിര‌ഞ്ഞെടുക്കാം. അംശാദായമായ 300 രൂപ കെ.എസ്.എഫ്.ഇ അടയ്ക്കും. 2,000 രൂപയാണ് പ്രതിമാസം ലഭിക്കുന്ന കുറ‌ഞ്ഞ പെന്‍ഷന്‍. അഞ്ച് വര്‍ഷത്തിനുമേല്‍ അംശാദായം അടയ്ക്കുന്നവര്‍ക്ക് ഓരോ അധികവര്‍ഷത്തിനും മൂന്ന് ശതമാനം നിരക്കില്‍ മിനിമം പെന്‍ഷന്‍ തുകയില്‍ വര്‍ദ്ധനയുണ്ടാവും. ഇത്തരത്തില്‍ പരമാവധി 4,000 രൂപവരെ പെന്‍ഷനായി കിട്ടും. 60 വയസുമുതലാണ് പെന്‍ഷന്‍ ലഭിച്ചുതുടങ്ങുക.

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിരിക്കുമ്ബോള്‍ വരിക്കാരന്‍ മരിച്ചാല്‍, അദ്ദേഹം പ്രവാസിയാണെങ്കില്‍ നോമിനിക്ക് 50,000 രൂപയും പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തിയ ശേഷമാണ് മരണമെങ്കില്‍ നോമിനിക്ക് 30,000 രൂപയും ലഭിക്കും. 50,000 രൂപയുടെ ആരോഗ്യാനുകൂല്യങ്ങളും അംഗത്വകാലയളവില്‍ അംഗത്തിന് കിട്ടും. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് 4,000 രൂപയും രണ്ട് പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 10,000 രൂപ വരെയും ലഭിക്കും. വനിതാ അംഗങ്ങള്‍ക്ക് 3,000 രൂപ പ്രസവാനുകൂല്യവുമുണ്ട്. ഒരു വരിക്കാരന് ഒരു ചിട്ടിയില്‍ മാത്രമെ പെന്‍ഷന്‍ സൗകര്യം ലഭിക്കൂ. ചിട്ടിത്തവണ മുടക്കാത്തവരുടെ അംശാദായമേ കെ.എസ്.എഫ് .ഇ അടയ്ക്കൂ. പ്രവാസികള്‍ക്ക് പുറമെ കേരളത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും ഈ ചിട്ടിയില്‍ അംഗങ്ങളാവാം. ഇതിനായി സോഫ്‌റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തും.

പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിഹാരം കാണാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സഹായം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്‌.എഫ്‌.ഇ ചെയര്‍മാന്‍ പീലിപ്പോസ്‌ തോമസ്‌, മാനേജിംഗ് ഡയറക്‌ടര്‍ എ. പുരുഷോത്തമന്‍, ഡയറക്‌ടര്‍ അഡ്വ.വി.കെ. പ്രസാദ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പെന്‍ഷന്‍ പദ്ധതി

 പ്രവാസി ചിട്ടിയില്‍ കുറഞ്ഞത് 60 മാസത്തവണകളെങ്കിലും അടയ്‌ക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം

 അംശാദായമായ 300 രൂപ കെ.എസ്.എഫ്.ഇ അടയ്ക്കും

 കുറഞ്ഞ പെന്‍ഷന്‍ പ്രതിമാസം ₹2,000

 ഒപ്പം ഒട്ടേറെ ആനുകൂല്യങ്ങള്‍ വേറെയും

11,551

2019 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച്‌ 11,551 പേര്‍ 388 പ്രവാസി ചിട്ടികളിലായി ചേര്‍ന്നു.

₹62 കോടി

ഇതുവരെ ₹62 കോടിയിലേറെ സംസ്ഥാന വികസനത്തിനായി പ്രവാസി ചിട്ടിയിലൂടെ സമാഹരിച്ചു.

₹25,000

25,000 മുതല്‍ ഒരു ലക്ഷം രൂപവരെ അടവ് വരുന്ന ചിട്ടികളാണ് ഇപ്പോഴുള്ളത്.