ആരിഫ് മുഹമ്മദ് ഖാന്‍ രാജിവച്ച്‌ രാഷ്ട്രീയത്തിലിറങ്ങൂ;കോടിയേരി

158

വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍, തയ്യാറാക്കിയ പ്രസംഗം മാറ്റി വെച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന് കോടിയേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന്‌ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്‌. ഇപ്പോഴത്തെ പദവിയുടെ പരിമിതി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച്‌ പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതില്‍ ബി ജെ പി നേതൃത്വത്തെ പോലെയാണ്‌ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. രാജ്യത്ത്‌ ആദ്യമായി മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയര്‍ന്നിട്ടുള്ളത്‌”.-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.