കോവിഡ് വാക്സിൻ , 18 കഴിഞ്ഞവർക്കുള്ള രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതൽ

18 വയസിന് മുകളിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിന്‍ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്‌ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്ക് പുറമെ റഷ്യന്‍ വാക്‌സിനായ സ്പുഡ്‌നിക്ക് വിയും ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

  വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാകാന്‍ കൂടുതല്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കും. തീയതിയും സമയവും ബുക്ക് ചെയ്യാന്‍ ആളുകളെ സഹായിക്കുന്നതിന് കോവിന്‍ പ്ലാറ്റ്‌ഫോമില്‍ വാക്‌സിന്‍ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നുമുതലാണ് വാക്സിൻ നൽകിത്തുടങ്ങുക. വാക്സിൻ ഉത്പാദകരിൽനിന്ന് സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്ക്  നേരിട്ട് വാങ്ങാനാവും. കോവീഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് ലഭിക്കുക.  രാജ്യത്തെ മറ്റൊരു വാക്സിൻ നിർമാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് തങ്ങളുെട കോവാക്സിന്റെ വിലയെക്കുറിച്ച് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

സ്വകാര്യ ആശുപത്രികൾ ഡോസിന് 250 രൂപ ഈടാക്കി നൽകുന്ന പ്രതിരോധ കുത്തിവെപ്പ് മേയ്‌മുതൽ ഉണ്ടാവില്ല. നിർമാതാക്കളിൽനിന്ന് സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാന സർക്കാരുകൾക്കും നേരിട്ട് വാക്സിൻ വാങ്ങി കുത്തിവെപ്പ് നടത്താം.

ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കായി സർക്കാർ തുടക്കത്തിൽ പ്രഖ്യാപിച്ച കുത്തിവെപ്പ് പദ്ധതി തുടരും. ജനുവരി 16-നാണ് രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here