ചെന്നിത്തലയുടെ അമ്മയ്‌ക്കും ഇരട്ട വോട്ട്; ഭാര്യയും മക്കളും സമീപനാളുകൾവരെ ഇരട്ട വോട്ടർമാർ

ഇരട്ട വോട്ട്‌ ആരോപണം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്‌ക്ക്‌‌ രണ്ട്‌ വോട്ട്‌. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തിൽനിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്.പ്രതിപക്ഷനേതാവിന്റെ ഭാര്യ അനിതയ്‌ക്കും മക്കളായ രമിത്തിനും രോഹിത്തിനും കഴിഞ്ഞദിവസം വരെ ഇരട്ടവോട്ടുണ്ടായിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട്‌ മണ്ഡലത്തിലെ ക്യാമ്പ്‌ ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകൾ. ഇരട്ടവോട്ട്‌ വിവാദം ഉയർത്തിയതിന്‌ പിന്നാലെ തൃപ്പെരുന്തുറയിലെ പട്ടികയിൽ അമ്മയൊഴികെയുള്ളവരെ ഒഴിവാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെയായിരുന്നു വോട്ട്‌.

കുടുംബത്തിലെ മറ്റ് എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു. ഇതിനായി അപേക്ഷ നൽകിയിരുന്നു എന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിൽ എന്നും ചെന്നിത്തല പറഞ്ഞു.

ഇരട്ട വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ചെന്നിത്തലയുടെ അമ്മയുടെ പേരിലുള്ള ഇരട്ടവോട്ട് വാർത്ത പുറത്തു വരുന്നത്.

ഇരട്ടവോട്ട് റദ്ദാക്കണണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ കേരള ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച നിലപാട് വ്യക്തമാക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി അഞ്ച് തവണ രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്.ഇരട്ടവോട്ടുകളുള്ള സമ്മതിദായകര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കണമെന്ന ഇടക്കാല ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നെങ്കിലും ഇരട്ടവോട്ട് നീക്കം ചെയ്യുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്ന് കമ്മീഷന്‍ മറുപടി നല്‍കിയതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ചീഫ് ജസ്റ്റിന്റെ അഭാവത്തില്‍ ജസ്റ്റിസ് രവികുമാറാണ് ഹര്‍ജി പരിഗണിച്ചത്സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ബൂത്ത് ലെവല്‍ സ്ക്രൂട്ടിനി കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും ക്രമക്കേട് കണ്ടെത്തിയത്. ഇത് ഏതെങ്കിലും ഒരു വ്യക്തി ചെയ്തതല്ല. ഉദ്യോഗസ്ഥര്‍ സംഘടിതമായി ചെയ്ത പ്രവൃത്തിയാണ്. അതിനാല്‍ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here