വോട്ടു ചോദിക്കാൻ എത്തിയ പി സി ജോർജിനെ കൂവി; സൗകര്യമുള്ളവൻ വോട്ട് ചെയ്താൽ മതിയെന്ന് എം എൽ എ

പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ജനപക്ഷം സ്ഥാനാർഥി പി സി ജോർജിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടയിൽ കൂവി നാട്ടുകാർ. പി സി ജോർജിന്റെ വാഹനപര്യടനം ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം. വാഹന പ്രചരണത്തിനിടെ ഈരാറ്റുപേട്ടയിൽ പ്രസംഗിക്കാൻ വാഹനം നിർത്തിയ സമയത്ത് ആയിരുന്നു നാട്ടുകാരിൽ ചിലർ കൂവിയത്.

പൂഞ്ഞാറിലെ സിറ്റിംഗ് എം എൽ എ ആയ പി സി ജോർജ് എൽ ഡി എഫിനും യു ഡി എഫിനും എതിരെയാണ് ഇത്തവണ മത്സരിക്കുന്നത്. എന്നാൽ, കൂവി പ്രതിഷേധിച്ചവരോട് മറുപടി പറഞ്ഞാണ് പി സി ജോർജ് മടങ്ങിയത്.1996 മുതൽ കഴിഞ്ഞ അഞ്ചു തവണയും തുടർച്ചയായി നിയമസഭയിൽ പൂഞ്ഞാർ മണ്ഡലത്തിന്റെ പ്രതിനിധിയാണ് പി സി ജോർജ്. 2016ൽ സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ചാണ് പി സി ജോർജ് നിയമസഭയിൽ എത്തിയത്. 1996ലും 2001 ലും കേരള കോൺഗ്രസ് സ്ഥാനാർഥി ആയിട്ടായിരുന്നു മത്സരം. 2006ൽ കേരള കോൺഗ്രസ് സെക്യുലർ സ്ഥാനാർഥി ആയപ്പോൾ 2011ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ആയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1980ലാണ് പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് പി സി ജോർജ് ആദ്യമായി ജനവിധി തേടിയത്. 1980ലും 1982ലും കേരള കോൺഗ്രസ് ജോസഫിന് ഒപ്പമായിരുന്നു പി സി ജോർജ്. രണ്ടു തവണയും വിജയം പി സി ക്ക് ഒപ്പമായിരുന്നു. എന്നാൽ 1987ൽ ഇടതുമുന്നണിയുടെ ജനതാ പാർട്ടി സ്ഥാനാർഥി ആയി എത്തിയ എൻ എം ജോസഫിന് മുമ്പിൽ ഹാട്രിക്കിനായെത്തിയ പിസിക്ക് അടി പതറി. നാലു പതിറ്റാണ്ടിനിടയിലെ ഏക തോൽവി.

LEAVE A REPLY

Please enter your comment!
Please enter your name here