കേരളം ഇടത്തോട്ട് തന്നെ: എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് മാതൃഭൂമി സീവോട്ടർ സർവേ ഫലം

എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് മാതൃഭൂമി സീവോട്ടർ സർവേ ഫലം. U D F 56 മുതൽ 64 സീറ്റുവരെ നേടി പ്രതിപക്ഷത്തെത്തുമെന്നും എൻ.ഡി.എയ്ക്ക് പൂജ്യം മുതൽ രണ്ട് സീറ്റുവരെ ലഭിക്കാമെന്നും സർവേ ഫലം പറയുന്നു.

എൽ.ഡി.എഫിന്റെ വോട്ട് വിഹിതം 40.9 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തൽ. യു.ഡി.എഫിന് 37.9 ശതമാനവും എൻ.ഡി.എയ്ക്ക് 16.6 ശതമാനവും വോട്ട് വിഹിതമുണ്ടാകുമെന്നും സർവേ ഫലം പറയുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതാണെന്ന് സർവേയിൽ പങ്കെടുത്ത കൂടുതൽ പേരും രേഖപ്പെടുത്തി. കേരളസർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റും പെൻഷനും അടക്കമുളള ക്ഷേമ പ്രവർത്തനങ്ങൾ ഗുണം ചെയ്തതായാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം.

38.10% പേരും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന് 24.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം. ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു.


സർക്കാർ വികസന മോഡലായി ഉയർത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്‌തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേർ ഗുണം ചെയ്യും എന്നാണ് പ്രതികരിച്ചത്. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേർ പ്രതികരിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ല എന്ന് 15.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പറയാൻ കഴിയില്ല എന്ന് പ്രതികരിച്ചവരാണ് 10.2 ശതമാനം പേർ.

വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. സർവേയിൽ 41.8 ശതമാനം വോട്ടർമാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. 10.4 ശതമാനം പേരെ അഴിമതിയും 4.8 ശതമാനം പേരെ ക്രമസമാധാന പ്രശ്നങ്ങളും സ്വാധീനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here