വാക്‌സിനേഷനില്‍ ഏറ്റവും പിറകില്‍ മലപ്പുറം ജില്ല ; ജനസംഖ്യയുടെ 16 ശതമാനം മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചത്

വാക്‌സിനേഷനില്‍ സംസ്ഥാനത്ത് ഏറ്റവും പിറകില്‍ മലപ്പുറം ജില്ല. ജനസംഖ്യയുടെ 16 ശതമാനം പേര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ ലഭിച്ചത്. നിലവില്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന ഏക ജില്ല മലപ്പുറമാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊവിഡ് പ്രതിരോധം തീര്‍ക്കുമ്പോഴും വാക്‌സിനേഷന്‍ അടക്കമുള്ള ആരോഗ്യ രംഗത്തെ സൗകര്യങ്ങളിലും ജില്ല പിറകിലാണ് .

സംസ്ഥാനത്ത് വാക്‌സിന്‍ ജില്ലകള്‍ക്ക് വിഭജിച്ചു നല്‍കുമ്പോള്‍ ജനസംഖ്യ പരിഗണിക്കാത്തതാണ് മലപ്പുറം ജില്ല വാക്‌സിനേഷനില്‍ പിറകിലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 160ലധികം കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിച്ച ജില്ലയില്‍ പിന്നീട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു, വാക്‌സിന്‍ ലഭ്യത കുറഞ്ഞതോടെയാണ് വാക്സിനേഷന്‍ സെന്ററുകളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് അധികൃതരുടെ അനൗദ്യോഗിക വിശദീകരണം.

43 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ ഇതുവരെ ആകെ നല്‍കിയ കൊവിഡ് ഡോസുകള്‍ 7 ലക്ഷത്തില്‍ താഴെ ആണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് ജനസംഖ്യയും കൊവിഡ് രോഗികളുമുള്ള വയനാട് ആണ് ജനസംഖ്യാനുപാതികമായി വാക്‌സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. 9 ലക്ഷം ജനസംഖ്യയുള്ള വയനാട്ടില്‍ 3 ലക്ഷത്തോളം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here