മുപ്പത് ലക്ഷം രൂപയുടെ മയക്ക് മരുന്ന് ഉത്പന്നങ്ങളുമായി അഞ്ചംഗ ഗുണ്ടാ സംഘം അറസ്റ്റിൽ

കിളിമാനൂർ
മാരക ലഹരി മരുന്നായ എം.ഡി.എം.എ , ഗഞ്ചാവ് , ഹാഷിഷ് ഓയിൽ എന്നിവയുമായി അഞ്ചംഗ ഗുണ്ടാസംഘം പള്ളിക്കൽ പൊലീസിൻ്റെ പിടിയിൽ. ചെമ്മരുതി , വടശ്ശേരികോണം , എസ്.എസ്. നിവാസിൽ സിമ്പിൾ എന്ന് വിളിക്കുന്ന സതീഷ് സാവൻ (39) , നാവായിക്കുളം , വെട്ടിയറ, ഇരുപത്തിയെട്ടാം മൈൽ , അശ്വതിയിൽ ഹരി ദേവ് (25) , നാവായിക്കുളം , കല്ലമ്പലം , ഊന്നൻപാറ , ലക്ഷം വീട്ടിൽ വിജയകൃഷ്ണ ജോഷി (28) , കുടവൂർ , മരുതിക്കുന്ന് , ഡീസൻ്റ്മുക്ക് , ഷാൻ മനസിലിൽ മുഹമ്മദ് ഷാഹിൻ (30) , ചെമ്മരുതി , വടശ്ശേരിക്കോണം , ഞെക്കാട് , ബൈജു നിവാസിൽ പ്രയേഷ് (19) എന്നിവരെയാണ് പള്ളിക്കൽ പൊലിസ് അറസ്റ്റു ചെയ്തത്. ഈ മാസം പതിനേഴാം തീയതി ആയിരുന്നു സംഭവം. ഇവരുടെ കൈവശം നിന്നും പതിനാറ് ഗ്രാം എം.ഡി .എം .എ , ഇരുന്നൂറ്റി അൻപത് ഗ്രാം ഗഞ്ചാവ് , ഹാഷിഷ് ഓയിൽ , ഡിജിറ്റൽ ത്രാസ്, ലഹരി ഉത്പന്നങ്ങൾ പാക്ക് ചെയ്യുന്നതിനുള്ള ചെറിയ പോളിത്തീൻ കവറുകൾ , മുപ്പതിനായിരം രൂപ , രണ്ട് വാഹനങ്ങൾ എന്നിവ പൊലിസ് കണ്ടെടുത്തു. എം.ഡി.എം.എ പത്ത് ഗ്രാമിന് മുകളിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ളതാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങൾക്ക് വിപണിയിൽ മുപ്പത് ലക്ഷത്തോളം രൂപ വില ഉണ്ടത്രേ. എഞ്ചിനിയറിംഗ് വിദ്യാർത്ഥികളെയും സ്കൂൾ കുട്ടികളെയും ലക്ഷ്യം വെച്ച് വിൽപ്പന നടത്തുന്നതിനായിട്ടാണ് ഇവർ ലഹരി മരുന്നുകൾ കൊണ്ടു വന്നത്.
പ്രതികൾ വിവിധ ജില്ലകളിലെ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. സിമ്പിൾ എന്ന് വിളിക്കുന്ന സതീഷ് സാവന് ചിറയിൻകീഴ് കൊലപാതകം ഉൾപ്പെടെ ഇരുപത്തിയഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാൾക്ക് കല്ലമ്പലം വെഞ്ഞാറമൂട് അയിരൂർ കഠിനംകുളം തമ്പാനൂർ പേട്ട ആറ്റിങ്ങൽ കടയ്ക്കാവൂർ ചിറയിൽ കീഴ് വർക്കല പൊഴിയൂർ ചേർത്തല എന്നീ സ്റ്റേഷനുകളിൽ വധശ്രമം പിടിച്ചുപറി മോഷണം ചാരായ വിൽപ്പന എന്നീ കേസുകൾ അടക്കം ഗുണ്ടാ ആക്ട് പ്രകാരം നടപടി ഉള്ള പ്രതിയാണ്. ഹരിദേവനു നെയ്യാർഡാം , കല്ലമ്പലം പരവൂർ വർക്കല എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് അടിപിടി തുടങ്ങിയവയ്ക്ക് കേസുകളുണ്ട് . മുഹമ്മദ് ഷാഹിന് കല്ലമ്പലത്ത് മോഷണം വധശ്രമം തുടങ്ങിയ കേസുകളും വിജയകൃഷ്ണൻ ജോഷിക്ക് വർക്കല കല്ലമ്പലം എന്നിവിടങ്ങളിൽ വധശ്രമത്തിനും കേസുണ്ട്. ഹരിദേവനും സിമ്പിളും കഴിഞ്ഞ ദിവസം കല്ലമ്പലം സ്റ്റേഷനിൽ റിപ്പോർട്ടായ കൊലപാതക കേസിൽ ഒളിവിൽ പോയ പ്രതികളാണ് . പള്ളിക്കൽ സി.ഐ ശ്രീജിത്ത്.പിയുടെ നേതൃത്വത്തിൽ എസ്.ഐ സാഹിൽ .എം എ.എസ്.ഐ അനിൽകുമാർ സി.പി.ഒ മാരായ ഷമീർ , അജീസ് , സ്തുജിത്ത് , ബിജുമോൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here