കോൺഗ്രസിന്റെ രഹസ്യ സർവേയിൽ പിണറായിക്ക് തുടർഭരണം; വികസനം പ്ലസ് പോയിന്റായെന്ന് വിലയിരുത്തൽ

സംസ്ഥാനത്ത് പിണറായിക്ക് ഭരണതുടർച്ച പ്രവചിച്ച് ഹൈക്കമാൻഡിന്റെ രഹസ്യ സർവേ. വിവാദങ്ങൾ ഏറെ ഉളളപ്പോഴും കൊവിഡും പ്രളയവും അടക്കമുളള പ്രതിസന്ധികളെ നേരിട്ടതും വികസനം മുന്നോട്ട് കൊണ്ട് പോകാനാവുന്നതും പിണറായി സർക്കാരിന് പ്ലസ് പോയിന്റായെന്നാണ് സർവേയിൽ വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക കെ പി സി സി നേതൃത്വം ഹൈക്കമാൻഡിന് കൈമാറിയിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് ആദ്യത്തെ സർവേ നടത്തിയത്. എന്നാൽ സ്ഥാനാർത്ഥികൾക്ക് വിജയ സാദ്ധ്യതയില്ലെന്ന് സർവേയിൽ കണ്ടെത്തിയതോടെ വീണ്ടും സർവേ നടത്താൻ രണ്ട് ഏജൻസികളെ കൂടി ഹൈക്കമാൻഡ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇന്നലെ പുറത്തുവന്ന രണ്ട് സ്വകാര്യ ചാനൽ സർവേകളും ഇടതുമുന്നണിക്കാണ് തുടർഭരണം പ്രവചിക്കുന്നത്.

ജനുവരിയിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷം വീണ്ടും സർക്കാരുണ്ടാക്കും എന്നായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യ സർവേ ഫലം. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ ശക്തമായ പിടി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് മുകളിലുണ്ട്. സർവേയിൽ തുടർഭരണം പ്രവചിക്കുന്നുണ്ടെങ്കിലും രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്‌ക്ക് ശേഷം സാഹചര്യങ്ങൾ മാറിയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here