കൂടിയാലോചനകൾ നടക്കുന്നില്ല.നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ

പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ആക്ഷേപവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം പന്ത്രണ്ടാം തീയതിക്കുളളിലുണ്ടാകും. ഇപ്പോൾ വരുന്ന പേരുകളെല്ലാം ഊഹാപോഹങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.

വട്ടിയൂർക്കാവ് ഉൾപ്പടെയുളള സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇതുവരെ തന്നോടൊന്നും സംസാരിച്ചിട്ടില്ല. അങ്ങോട്ട് കയറി പറയാനും പോയിട്ടില്ല. നേതാക്കൾ ബന്ധപ്പെടുമ്പോൾ അഭിപ്രായം പറയാം. സ്ഥാനാർത്ഥികൾ ജയിച്ച് വരണമെങ്കിൽ സ്ഥാനാർത്ഥി നിർണയം നല്ലതായി നടക്കണം. അനുകൂല സാഹചര്യം പാർട്ടി മുതലെടുക്കുക തന്നെ വേണമെന്നും മുരളീധരൻ പറഞ്ഞു.

താൻ ഇത്തവണ മത്സരിക്കുന്ന പ്രശ്‌നമില്ല. മത്സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഏഴാം തീയതി ഡൽഹിക്ക് പോയാൽ സ്ഥാനാർത്ഥികൾ നോമിനേഷൻ കൊടുത്ത ശേഷം മാത്രമേ മടങ്ങിയെത്തുകയുളളൂ. വടകരയുടെ കാര്യത്തിൽ ആർ എം പിയുമായി ചർച്ച നടക്കുന്നുണ്ട്. ആ സഖ്യം യു ഡി എഫിന് ഗുണകരമാകുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

നേതാക്കൾ വീതംവച്ചെടുത്താൽ അത് ജനം അംഗീകരിക്കണമെന്നില്ല. കെ പി സി സി ഭാരവാഹികളെ നിയമിക്കും പോലാകരുത് സ്ഥാനാർത്ഥി നിർണയം നടത്തേണ്ടത്. ജനങ്ങളുമായി ബന്ധമുളളവരെ സ്ഥാനാർത്ഥികളാക്കണം. അങ്ങനെയുണ്ടായാൽ എ ഐ സി സി സർവേയിൽ പറഞ്ഞതിനെക്കാൾ സീറ്റുകൾ കിട്ടും. പത്തംഗസമിതി വന്നെങ്കിലും മൂന്നംഗ സമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മുരളീധരൻ ആക്ഷേപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here