ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിനെതിരെ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ മുരളീധരൻ എം.പി. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഷാഫി പറമ്പില്‍ നിരപരാധിയാണെന്നും അദ്ദേഹം പറയുന്നു.
ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എന്നിട്ടും പരിപാടികള്‍ക്ക് തടയിട്ടത് മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച് വച്ചവരാണെന്നാണ് സംശയിക്കുന്നത്. മാധ്യമങ്ങള്‍ തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചു. ഇതാകും ചിലരെ പ്രകോപിതരാക്കിയത്- മുരളീധരൻ പറയുന്നു. നേതാക്കള്‍ക്കെല്ലാം ഇതിന് പിന്നില്‍ ആരാണെന്ന് അറിയാം. അതിനാല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നില്ല. തരൂരിനെ വിലക്കേണ്ടതില്ല, വിലക്കിയതിനാല്‍ വലിയ വാര്‍ത്താ പ്രാധാന്യം കിട്ടി. ഇത് കോണ്‍ഗ്രസിന് നല്ലതല്ല. മുരളീധരൻ കൂട്ടിച്ചേര്‍ത്തു. മലബാര്‍ പര്യടനം വിഭാഗീയതയല്ലെന്നും സംഘപരിവാറിനെതിരായ പോരാട്ടമാണ്.
വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും കെപിസിസി പ്രസിഡന്റ് പ്രതികരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. വിലക്കിനെക്കുറിച്ച് അന്വേഷണം നടക്കട്ടേയെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
ഇതിനിടെ തരൂരിന്റെ മലബാല്‍ പര്യടനം പുരോഗമിക്കുകയാണ്. നാളെ അദ്ദേഹം പാണക്കാട് തങ്ങളെ സന്ദര്‍ശിക്കും. മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച് വച്ചിരിക്കുന്നവര്‍ എന്ന പരാമര്‍ശത്തില്‍ നിന്നും മുരളീധരന്റെ ലക്ഷ്യം പ്രതിപക്ഷ നേതാവ് ആയതിനാല്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാമെന്ന് പ്രതീക്ഷിക്കുന്ന വിഡി സതീശനാണെന്നാണ് കരുതുന്നത്.