കോവിഡ്‌ മൂന്നാം തരംഗമെന്ന്‌ സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശം

‘മുൻകരുതൽ സന്ദേശം: ആരെന്തു പറഞ്ഞാലും കോവിഡ്‌ മൂന്നാം തരംഗം ഒരു യാഥാർഥ്യമാണ്‌. കൂടുതൽ മാരകവും ഉയർന്ന മരണനിരക്കുമുള്ള ഘട്ടമാണ്‌ വരാനുള്ളത്‌,  മൂന്നാം തരംഗം ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും   മാരകമാണ്‌…’. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യംലോകത്ത്‌ റിപ്പോർട്ട്‌ ചെയ്തതു മുതൽ സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്ന സന്ദേശമാണിത്‌.  

ഈ വ്യാജ കുറിപ്പിന്‌ മറുപടി നൽകി മടുത്തു കോഴിക്കോട്‌ ആസ്റ്റർ മിംസിലെ എമർജൻസി വിഭാഗം മേധാവി ഡോ. പി പി വേണുഗോപാലൻ. കാരണം   ആധികാരികതയ്‌ക്കായി ഇതിൽ  ഡോ. വേണുഗോപാലിന്റെ പേരാണ്‌ നൽകിയിട്ടുള്ളത്‌.  ഈ സന്ദേശം  ആരും പ്രചരിപ്പിക്കരുതെന്ന്‌ ഡോ. വേണുഗോപാലൻ പറഞ്ഞു.

ഏതാനും മാസങ്ങൾക്കു മുമ്പാണ്‌ കോവിഡിന്റെ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട്‌ അശാസ്‌ത്രീയവും അടിസ്ഥാനരഹിതവുമായ സന്ദേശം പ്രചരിച്ചു തുടങ്ങിയത്‌. ആദ്യം ഇംഗ്ലീഷിലായിരുന്നു. പിന്നീട്‌ മലയാളത്തിലുമെത്തി.  രണ്ടിലും ഡോക്ടറുടെ പേരും വച്ചു.  ഇതിനെതിരെ ഡോക്ടർ പൊലീസ്‌ അധികാരികൾക്കും സൈബർ സെല്ലിനും പരാതി നൽകി.  അന്വേഷണത്തിൽ ഡൽഹിയിലാണ്‌   ഉറവിടമെന്ന്‌ കണ്ടെത്തി. 

ഒമിക്രോൺ വ്യാപകമാകുന്നു എന്ന ഭീതി നിലനിൽക്കേ  ഈ വ്യാജ സന്ദേശം വീണ്ടും പ്രചരിക്കുകയാണ്‌. വിവിധ ഓൺലൈൻ മാധ്യമങ്ങളടക്കം ഡോക്ടറുടേതെന്ന പേരിൽ ഈ കുറിപ്പ്‌ നൽകിയിട്ടുണ്ട്‌.  “കോവിഡിനെതിരെ ഭയമല്ല വേണ്ടത്‌. മുൻകാലങ്ങളിനേക്കാളും  മികച്ചതാണ്‌ ഇപ്പോഴത്തെ ആരോഗ്യ സംവിധാനങ്ങൾ. അതിനാൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാമെന്നും’ അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here