കോവിഡ് വാക്സിൻ ;വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നീതികരിക്കാനാകാത്ത കുറ്റകൃത്യം’- മുഖ്യമന്ത്രി

കോവിഡ് വാക്സിൻ സംബന്ധിച്ച് നടക്കുന്ന വ്യാജ പ്രചാരണം ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും ഇതിന് നേതൃത്വ നൽകുന്നവരെ സർക്കാർ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണപ്പെടും എന്ന തരത്തിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

വാക്സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമെന്ന ഒരു വ്യാജ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് പരിപൂര്‍ണമായും വ്യാജമാണെന്ന് ആ പ്രസ്താവന നല്‍കിയതായി വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തില്‍ അതു കൂടുതല്‍ ദുഷ്കരമാക്കുന്ന പ്രചരണങ്ങളിലേര്‍പ്പെടുന്നവര്‍ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമങ്ങള്‍ക്കനുസൃതമായി ശക്തമായി സര്‍ക്കാര്‍ നേരിടും. 

വാക്സിനേഷന്‍ ആണ് ഈ മഹാമാരിയെ മറികടക്കാന്‍ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭിച്ച 60 വയസിനു മുകളിലുള്ളവര്‍ക്കിടയില്‍ രണ്ടാമത്തെ തരംഗത്തില്‍ രോഗവ്യാപനം കുറവാണ് എന്നതും, രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്സിനേഷന്‍ ഫലപ്രദമാണ് എന്നതിന്‍റെ തെളിവാണ്. അതുകൊണ്ട്, കുപ്രചരണങ്ങള്‍ക്ക് വിധേയരായി വാക്സിനെടുക്കാതിരിക്കുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുത്. 

LEAVE A REPLY

Please enter your comment!
Please enter your name here