മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി .,ഇ ഡിയ്ക്ക് എതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ  വ്യാജ മൊഴി നൽകാൻ സ്വപ്‌ന സുരേഷിൽ  സമ്മർദ്ദം ചെലുത്തിയ സംഭവത്തിൽ  എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റി( ഇ ഡി) നെതിരെ പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ഗൂഢാലോചനക്ക്‌ കേസ് എടുത്തത്‌.മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സമ്മർദ്ദം ചെലുത്തിയതിനാണ് കേസ്. സ്വപ്നയുടേതെന്ന പേരിൽ നേരത്തെയൊരു ശബ്‌ദരേഖ പുറത്തുവന്നിരുന്നു. ഒരു കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നായിരുന്നു ശബ്‌ദ‌രേഖ.

സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. ശബ്ദം തൻ്റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്‌നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിർണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ  സ്വപ്‌നയെ നിർബന്ധിച്ചു എന്നായിരുന്നു മൊഴി. സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്നും വാഗ്ദാനം ചെയ്തു.

മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇ ഡി
നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇ ഡിക്കെതിരെ സാക്ഷിമൊഴികൾ ലഭിച്ചത്.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ നിയമോപദേശത്തെ തുടർന്നാണ്‌ പൊലീസ്‌  കേസെടുത്തത്. തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൻ്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി.

ഐപിസി 116, 120 ബി, 167, 192, 193, 195 എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനാണ്‌ നിയമോപദേശം. ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന കള്ളത്തെളിവ്‌ സൃഷ്ടിക്കൽ, പൊതുസേവകൻ കള്ളരേഖ ചമയ്ക്കൽ, ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here