വര്‍ക്കലയില്‍ വീടിന് തീപ്പിടിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

വര്‍ക്കല അയന്തിയില്‍ ഇരുനില വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ കുടുംബമാണ് ദുരന്തത്തില്‍പ്പെട്ടത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകന്‍ നിഖിലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. നിഖില്‍ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. പുലര്‍ച്ചെ ആറു മണിയോടെ തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here