‘മഹാമാരി മാറും, നമ്മള്‍ ആഘോഷിക്കുക തന്നെ ചെയ്യും; ജനമനസ്സിന് അപ്പുറമല്ലല്ലോ ഒരു സ്‌റ്റേഡിയവും’

കോവിഡ് മഹാമാരിയുടെ തീവ്രത കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന വാര്‍ത്താസമ്മേളത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. നിങ്ങള്‍ ഒരോരുത്തരും ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടിവരുന്നതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിധ്യത്തെ നിയന്ത്രിച്ച് നിര്‍ത്തേണ്ടിവരുന്നത്. ഈ പരിമിതിയില്ലായിരുന്നുവെങ്കില്‍ കേരളമാകെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നെന്ന് ഞങ്ങള്‍ക്കറിയാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചുകൊണ്ട്, ഈ രണ്ടാമൂഴം ചരിത്രത്തില്‍ ആദ്യമെന്നവണ്ണം സാധ്യമാക്കിയവരാണ് നിങ്ങള്‍. തുടങ്ങിവച്ചതും ഏറെ മുന്നോട്ടുകൊണ്ടുപോയതുമായ ക്ഷേമ, വികസന നടപടികള്‍ ആവേശപൂര്‍വ്വം തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങള്‍. നിങ്ങള്‍ ഒരോരുത്തരും ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയവും’ മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിമൂലം നിയുക്ത ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ ഇടയിലേക്ക് തിരിച്ച് ചെന്ന് നന്ദി പറയാന്‍ പോലും കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്കാവട്ടെ ഇവിടേക്ക് വരുന്നതിന് മഹാമാരിമൂലം തടസ്സമുണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിന്റെ പ്രത്യേകതമൂലം വരാന്‍ ആഗ്രഹിച്ചിട്ടും വരാന്‍ കഴിയാത്ത ജനതയെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. 

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ അത് അതിഗംഭീരമായി തന്നെ ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തെ ആരും തടയില്ല. ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയും. അതു കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. 

ആ നല്ല കാലത്തിന്റെ പുലര്‍ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്‍. സത്യപ്രതിജ്ഞ അല്‍പ്പം ഒന്ന് വൈകിച്ചതുപോലും ജനാഭിലാഷം പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് അവസരം ഉണ്ടാകുമോ എന്ന് നോക്കാനാണ്. കഴിയുന്നത്ര ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അവര്‍ക്കാകെ തൃപ്തി വരുന്ന വിധത്തില്‍ ചടങ്ങ് നടത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, ഭരണഘടനാപരമായ ഉത്തരവാദിത്തം അനിശ്ചിതമായി വൈകിപ്പിക്കാനാവില്ലല്ലോ. അതുകൊണ്ട് പരിമിതികള്‍ക്കു വിധേയമായി ചടങ്ങ് നടത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here