മലയാളം ലക്ഷദ്വീപിന്റെ ഭാഷയല്ല,നിയമം തയ്യാറാക്കേണ്ടത് ഇംഗ്ലീഷില്‍.ദ്വീപ് ഭരണകൂടം

ലക്ഷദ്വീപിലെ വിവാദ കരടുനിയമങ്ങള്‍ക്കെതിരെ എം പി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലവുമായി ദ്വീപ് ഭരണകൂടം.

നിര്‍മ്മാണ പ്രക്രിയകളും കരടുനിയമങ്ങളും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നു സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കുന്ന ഭരണകൂടം കരടുനിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന വാദം നിലനില്‍ക്കില്ലെന്നും പറയുന്നു.

ഭരണഘടനാ വ്യവസ്ഥയനുസരിച്ച്‌ ഇംഗ്ലീഷിലാണ് നിയമം തയ്യാറാക്കേണ്ടതെന്നും മലയാളം ദ്വീപിന്‍റെ ഔദ്യോഗിക ഭാഷയല്ലെന്നും സത്യാവാങ്മൂലത്തില്‍ പറയുന്നുണ്ട്. കൊവിഡ് കാലത്ത് കിറ്റുകള്‍ നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ നേരത്തേതന്നെ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും എം പിയുടെ ഹര്‍ജിയിലും സമാന സ്വഭാവത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് പറയുന്നതെന്നും ദ്വീപ് ഭരണകൂടം പറയുന്നു.

കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കാനും ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുളള ദ്വീപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകള്‍ ഹൈക്കാേടതി നേരത്തേ സ്റ്റേചെയ്തിരുന്നു.

മാംസാഹാരങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലെന്നും ലാഭത്തിലല്ലാത്തതിനാലാണ് ഡയറി ഫാമുകള്‍ അടച്ചുപൂട്ടുന്നതെന്നുമാണ് ഭരണകൂടം പറഞ്ഞത്. എന്നാല്‍ ഇതെല്ലാം കോടതി തള്ളുകയായിരുന്നു. ദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടിയശേഷം സ്വകാര്യ കമ്ബനിയുടെ ഡയറി ഫാം തുടങ്ങാനായിരുന്നു ഭരണകൂടത്തിന്റെ ശ്രമം.

ദ്വീപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here