മദ്ധ്യ കേരളത്തില്‍ രാവിലെയുണ്ടായത് ലഘു മേഘവിസ്ഫോടനം,അടുത്ത മൂന്ന് മണിക്കൂറിനുളളില്‍ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത.

മദ്ധ്യ കേരളത്തില്‍ രാവിലെയുണ്ടായ കാറ്റിനും കനത്ത മഴയ്ക്കും കാരണം ലഘു മേഘവിസ്ഫോടനമെന്നാണ് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുളളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് സൂചന.

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കിയില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്. മദ്ധ്യ കേരളത്തില്‍ രാവിലെയുണ്ടായ കാറ്റിനും കനത്ത മഴയ്ക്കും കാരണം ലഘു മേഘവിസ്ഫോടനമെന്നാണ് സൂചന. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്.

സാധാരണ കാലവര്‍ഷക്കാലത്ത് രൂപപ്പെടാന്‍ സാദ്ധ്യതയില്ലാത്ത ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടുകയും അതില്‍ നിന്നും ശക്തമായ കാറ്റ് വീശിയടിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും കനത്ത കാറ്റ് വീശാനിടയാക്കിയതെന്ന് കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു.

കേരള തീരത്ത് വെള്ളിയാഴ്‌ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും, നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല വീശിയടിക്കാനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി. അടുത്ത രണ്ടു മൂന്നു ദിവസം കൂടി കനത്ത മഴയും കടല്‍ക്ഷോഭവും തുടര്‍ന്നേക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

എറണാകുളം ജില്ലയില്‍ കാറ്റ് കനത്ത നാശമാണ് വിതച്ചത്. ഇന്ന് പുലര്‍ച്ചെയടക്കം ശക്തമായ മഴയുണ്ടായിരുന്നു. ഇതിനോട് അനുബന്ധിച്ചുണ്ടായ കനത്ത കാറ്റാണ് നാശം വിതച്ചത്. പറവൂര്‍ തത്തപ്പള്ളി, വൈപ്പിന്‍,എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയായ മഴവന്നൂരില്‍ അടക്കം കനത്ത നാശനഷ്ടം ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here