പൊലീസില്‍ വരാനിരിക്കുന്നത് വന്‍ അഴിച്ചുപണി; ആരാകും വിജിലന്‍സിനെ നയിക്കുക? വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം; സുധേഷ് കുമാറിനെ നീക്കുന്നത് പൊലീസ് അഴിച്ചു പണിയുടെ ഭാഗം; ക്രമസമാധാന ചുമതലയില്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ മാറ്റും.

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സുധേഷ് കുമാറിനെ നീക്കുമെന്ന് സൂചന.മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം വരിക. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതലയേറ്റത് കഴിഞ്ഞ ദിവസമാണ്. അതിന് പിന്നാലെയാണ് സുധേഷ് കുമാറിനെ മാറ്റുന്ന സൂചന പുറത്തു വരുന്നത്. പൊലീസില്‍ അടിമുടി അഴിച്ചു പണിയുണ്ടാകും. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് അടക്കം മാറ്റമുണ്ടാകും.പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു.പി.എസ്.സിയുടെ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് സുധേഷ് കുമാര്‍. പട്ടികയിലെ ഏറ്റവും സീനിയര്‍. എന്നാല്‍ സുധേഷ് കുമാറിനെ മറികടന്ന് അനില്‍കാന്തിനെയാണ് പൊലീസ് ഡിജിപിയാക്കിയത്. അതിന് ശേഷവും സുധേഷ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി തുടരാന്‍ കഴിഞ്ഞു. ഇതിനിടെ ചില വിവാദങ്ങളും സുധേഷ് കുമാറിനെ തേടിയെത്തി. ടോമിന്‍ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാതിരിക്കാന്‍ ചില നിര്‍ണ്ണായക നീക്കം നടത്തിയതും സുധേഷ് കുമാറാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഐപിഎസുകാരില്‍ ഏറ്റവും സീനിയറായിരുന്നു തച്ചങ്കരി. എന്നാല്‍ യുപിഎസ് സിയുടെ പട്ടികയില്‍ തച്ചങ്കരി ഉള്‍പ്പെട്ടില്ല. ഇതോടെയാണ് അനില്‍ കാന്തിനെ പൊലീസ് മേധാവിയാക്കിയത്.

വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്നതാണ് തച്ചങ്കരിയുടെ പേര് വെട്ടാന്‍ കാരണമായതെന്നാണ് സൂചന. പൊലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പരി?ഗണിക്കപ്പെട്ട പേരായിരുന്നു തച്ചങ്കരിയുടേയും സുധേഷ് കുമാറിന്റേതും. അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുദേഷ് കുമാര്‍, ബി.സന്ധ്യ എന്നിവരുടെ പേരുടെകളായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്.എന്നാല്‍ നിലവില്‍ കേന്ദ്രസര്‍വ്വീസിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങി വരാന്‍ താത്പര്യമില്ലെന്ന് യോഗത്തെ അറിയിച്ചു. നിലവില്‍ എസ്‌പി.ജി മേധാവിയാണ് അരുണ്‍ കുമാര്‍ സിന്‍ഹ. ശേഷിച്ചവരില്‍ തച്ചങ്കരിയുടെ പേര് വെട്ടാന്‍ ഇടയായ സാഹചര്യം വിജിലന്‍സ് റിപ്പോര്‍ട്ടായിരുന്നു. സന്ധ്യയേയും സര്‍ക്കാര്‍ ഡിജിപിയാക്കാന്‍ പരിഗണിച്ചില്ല. അനില്‍ കാന്തിന് നറുക്ക് വീഴുകയും ചെയ്തു. പി ശശി പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറിയായതോടെ പൊലീസില്‍ ആകെ അഴിച്ചു പണിക്കാണ് സാധ്യത.ജില്ലാ പൊലീസ് മേധാവിമാരെ അടക്കം മാറ്റിയേക്കും. ഇതിന് തുടക്കമിട്ടാണ് വിജിലന്‍സിലെ ആദ്യ മാറ്റത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവില്‍ നാല് ഡിജിപിമാര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകരാമുള്ളത്. തച്ചങ്കരിയും സുധേഷ് കുമാറും അനില്‍ കാന്തും ബി സന്ധ്യയും. ഇതില്‍ സുധേഷ് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റുമ്ബോള്‍ പകരം ആരെത്തുമെന്നത് നിര്‍ണ്ണായകമാണ്. ബി സന്ധ്യ നിലവില്‍ ഫയര്‍ ഫോഴ്‌സ് മേധാവിയാണ്. അതുകൊണ്ട് തന്നെ എഡിജിപിമാരില്‍ ആര്‍ക്കെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ പദം നല്‍കിയേക്കും.

തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാന്‍ പിണറായി സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ ഒരു വിജിലന്‍സ് കേസ് ഇതിന് തിരിച്ചടിയായി. ഈ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ് വരികയും ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടറായ സുധേഷ് കുമാര്‍ ഇതില്‍ തീരുമാനം ഒന്നും എടുത്തില്ല. തച്ചങ്കരിയുടെ സാധ്യത തടയാനായിരുന്നു ഇത്.ഇത് മനസ്സിലാക്കി കൂടിയാണ് അനില്‍ കാന്തിനെ ഡിജിപിയാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം എത്തിയത്. പിന്നീട് സുധേഷ് കുമാറിനെതിരേയും പരാതി വന്നു. ഇതില്‍ പ്രാഥമിക പരിശോധന നടത്തി. അതും വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ കാരണമായി എന്നാണ് സൂചന.സുധേഷ് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റുമ്ബോള്‍ പകരം ആരെത്തുമെന്നത് നിര്‍ണ്ണായകമാണ്

LEAVE A REPLY

Please enter your comment!
Please enter your name here