പള്ളിക്കലിൽ കഞ്ചാവ് വേട്ട..,സ്കൂൾ കുട്ടികൾക്ക് നൽകാനായി കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേർ അറസ്റ്റിൽ

കിളിമാനൂർ
സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ എഞ്ചിനിയറിംങ്ങ് വിദ്യാർത്ഥികളായ രണ്ട് പേരെ പള്ളിക്കൽ പോലീസ് അറസ്റ്റു ചെയ്തു. ഓയൂർ റ്റി .ആർ മൻസിലിൽ ഹലീൽ (22) , പൂയപ്പള്ളി കൈലാസം വീട്ടിൽ ഹരി മധു (22) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂതല താഴെ ഭാഗം പള്ളിക്കൽ പുഴ പാലത്തിന് സമീപം സ്കൂൾ കുട്ടികൾക്കും മറ്റുമായി കഞ്ചാവ് നൽകുന്നതിനായി പൾസർ ബൈക്കിൽ രണ്ടു പ്രതികളും ചേർന്ന് എത്തിയതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പൊലീസ് പരിശോധനയിൽ പ്രതികൾ കുടുംങ്ങുകയായിരുന്നു. ഇവരിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പള്ളിക്കൽ പൊലീസ് പിടിച്ചെടുത്തു. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ കഞ്ചാവ് തൂക്കി വിൽപ്പന നടത്തുന്നതിനുള്ള ഡിജിറ്റൽ ത്രാസ് , ചെറിയ പായ്ക്കറ്റുകൾ , സീൽ ചെയ്യുന്നതിനുള്ള സെല്ലോ ഫൈൻ ടേപ്പുകൾ എന്നിവ കണ്ടെടുത്തു. ഇവർ വന്ന ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾ ഇരുവരും മെക്കാനിക്കൽ എഞ്ചിനിയറിംഗ് ബിരുദം പഠിക്കുന്നവരാണ്. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്നും ഏറെ നാളുകളായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഇവർ ആദ്യമായാണ് പൊലീസിൻ്റെ പിടിയിലാവുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്ക് ചെറിയ പായ്ക്കറ്റുകളിൽ കഞ്ചാവ് നൽകി വരുക എന്നതായിരുന്നു ഇവരുടെ രീതി. ഓഡർ ലഭിക്കുന്നതനുസരിച്ച് സുരക്ഷിത സ്ഥലങ്ങളിൽ വെച്ച് കഞ്ചാവ് കൈമാറ്റം ചെയ്തിരുന്നതിനാൽ ഇവരെ എളുപ്പത്തിൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒരു പയ്ക്കറ്റിന് 500 രൂപയാണ് വില.പണം ഗൂഗിൾ പേ വഴിയായിരുന്നു കൈമാറ്റം. തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ. വി. ഗോപിനാഥിൻ്റെ നിർദ്ദേശപ്രകാരം കഞ്ചാവും ലഹരിമരുന്നുകളും കണ്ടെത്തുന്നതിനുള്ള റെയ്ഡ് നടക്കുന്നതിനിടയിലാണ് പ്രതികളുടെ അറസ്റ്റ് .പള്ളിക്കൽ സി.ഐ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ .എം , ബാബു സി.പി.ഒ മാരായ അജീസ് , ഷമീർ , സിയാസ് , രഞ്ജിത്ത് , സതുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.അറസ്റ്റു ചെയ്ത പ്രതികളെ എൻ.ഡി.പി. എസ് ആക്ട് പ്രകാരം കേസെടുത്ത് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here