നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് എം എൽ എമാർക്കെതിരായി എടുത്ത കേസുകളിൽ തുടർനടപടി വിശദമായ പരിശോധനയ്ക്ക് ശേഷം മതിയെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനം. തുടർനടപടിയ്ക്ക് അനുമതി തേടിയുള്ള പൊലീസിന്റെ അപേക്ഷ ഉടൻ പരിഗണിക്കില്ല. ബുധനാഴ്‌ച സ്‌പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർത്തിൽ തുടർനടപടി സ്വീകരിക്കാൻ മ്യൂസിയം പൊലീസാണ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്.
സംഘർഷത്തിൽ എം എൽ എമാരുടെ മൊഴി എടുക്കാനും സ്‌പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസർ തയ്യാറാക്കാനുമായിരുന്നു പൊലീസ് അനുമതി തേടിയത്. സമ്മേളനം നടക്കുന്നതിനാൽ പ്രതിപ്പട്ടികയിലുള്ള എം എൽ എമാരുടെയും സാക്ഷികളായ എം എൽ എമാരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കാനാണ് അനുമതി ചോദിച്ചത്. സഭാ ടിവിയുടെയും സഭാ മന്ദിരത്തിലെ സിസിടിവിയുടെയും ദൃശ്യങ്ങളും പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർനടപടിയ്ക്ക് അനുമതി നൽകിയാൽ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം.
അതേസമയം, പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ ഇന്നലെ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിരുന്നു. ഈ മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നലെയും അനുമതി ലഭിച്ചിരുന്നില്ല. ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനം 21 ദിവസത്തെ സിറ്റിംഗ് പൂർത്തിയാക്കി അവസാനിക്കുകയാണെന്ന് സ്പീക്കർ ഇന്നലെ അറിയിച്ചു.