ഡോ. പി കെ വാര്യര്‍ അന്തരിച്ചു.

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും മെഡിക്കല്‍ ഡയറക്‌ടറുമായിരുന്ന ഡോ. പി കെ വാര്യര്‍ അന്തരിച്ചു.കോട്ടയ്‌ക്കലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹത്തിന് നൂറാം പിറന്നാള്‍.

ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഡോ പി കെ വാര്യര്‍ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് അദ്ദേഹം കൊവിഡ് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്തെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

പന്നിയമ്ബള്ളി പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും കോടിതലപ്പണ ശ്രീധരന്‍ നമ്ബൂതിരിയുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് പി കെ വാര്യര്‍ ജനിച്ചു. മാതാപിതാക്കളുടെ ഏറ്റവും ഇളയപുത്രനാണ് അദ്ദേഹം. കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍, കോഴിക്കോട് സാമൂതിരി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കോട്ടയ്ക്കല്‍ ആയുര്‍വേദ പാഠശാലയില്‍ (ഇന്നത്തെ വൈദ്യരത്നം പി എസ്. വാരിയര്‍ ആയുര്‍വേദ കോളേജ്) വൈദ്യവിദ്യാഭ്യാസത്തിന് ചേര്‍ന്നു.

ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച്‌ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതിനായി കോളേജ് വിട്ടു. പിന്നീട് കോളേജില്‍ തിരിച്ചെത്തി വൈദ്യവിദ്യാഭ്യാസം പൂര്‍ത്തിയക്കി ‘ആര്യവൈദ്യന്‍’ ബിരുദം നേടി. ജ്യേഷ്ഠന്‍ ആര്യവൈദ്യന്‍ പി മാധവവാരിയരുടെ അപ്രതീക്ഷിതമായ ദേഹവിയോഗത്തെത്തുടര്‍ന്ന് 1953ല്‍ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായി.

കഴിഞ്ഞ ആറരപതിറ്റാണ്ടിലധികം കാലമായി ആര്യവൈദ്യശാലയെ നയിച്ചുകൊണ്ടിരിന്ന അദ്ദേഹം ആയുര്‍വേദം എന്നതിന് പര്യായമായി ആര്യവൈദ്യശാലയെ വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തനത്തിലെ മുഖ്യശില്‍പ്പിയാണ് ഡോ പി കെ വാരിയര്‍.

പദ്‌മശ്രീ, പദ്‌മഭൂഷണ്‍ പുരസ്‌കാരങ്ങള്‍, കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ബിരുദം, മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഡി എസ് സി ബിരുദം, നേപ്പാളിലെ ഭൂപാല്‍ മാന്‍സിംഗ് കാര്‍ക്കി പുരസ്‌കാരം, ആള്‍ ഇന്ത്യ ആയുര്‍വേദ കോണ്‍ഗ്രസിന്‍റെ അഷ്‌ടാംഗരത്ന പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാര്‍ഡ് എന്നിവ ഉൾപ്പടെ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here