: വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി. വേലായുധന്‍ നായരെ പ്രതിയാക്കി വിജിലന്‍സ് സംഘം പ്രത്യേകകോടതിയില്‍ എഫ്.ഐ.ആര്‍. ഫയല്‍ചെയ്തു. കൈക്കൂലിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ കേസിലാണ് എഫ്.ഐ.ആര്‍.
വേലായുധന്‍നായര്‍ പത്തനംതിട്ട യൂണിറ്റിലായിരുന്നപ്പോള്‍, 25,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി എസ്. നാരായണനെയും ഓഫീസ് അറ്റന്‍ഡര്‍ ഹസീനാബീഗത്തെയും അറസ്റ്റുചെയ്തിരുന്നു. ഇതിനുശേഷം പ്രതിയായ നാരായണന്‍ തന്റെ ചെങ്ങന്നൂരിലെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇതേ ബാങ്കിലെ കഴക്കൂട്ടം ശാഖയിലേക്ക് 50,000 രൂപ മാറ്റിയിരുന്നു.
അന്വേഷണത്തില്‍ ഈ അക്കൗണ്ട് വേലായുധന്‍നായരുടെ മകന്‍ ശ്യാംലാലിന്റേതാണെന്നു കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ വേലായുധന്‍ നായരും നാരായണനും നടത്തിയ വാട്‌സാപ്പ് ചാറ്റുകളും കണ്ടെത്തി. പണം കൈപ്പറ്റി മൂന്നുമാസത്തിനകം വിജിലന്‍സിന് പറ്റിയ പിശകാണ് നാരായണന്റെപേരില്‍ കേസ് എടുത്തതെന്നു കാണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വേലായുധന്‍നായര്‍ റിപ്പോര്‍ട്ട് നല്‍കി.
പ്രത്യേകസംഘം നടത്തിയ അന്വേഷണത്തില്‍ നാരായണന്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി.
ഇതേത്തുടര്‍ന്ന് നാരായണന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വേലായുധന്‍ നായര്‍ക്ക് പണം കൈമാറിയതിനെ സംബന്ധിച്ച രേഖകള്‍ ലഭിച്ചത്.