കേരളാ പൊലീസില്‍ അഴിച്ചുപണിക്കാലം,ഋഷിരാജ് സിങ് വിരമിക്കുന്നതോടെ ഫയര്‍ഫോഴ്‌സ് മേധാവി സന്ധ്യക്ക് ഡിജിപി പദവി.

സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിക്ക് സാധ്യത. ഈ മാസം ജയില്‍മേധാവി ഋഷിരാജ് സിങ് വിരമിക്കുന്നതോടെ അഗ്‌നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യക്ക് ഡി.ജി.പി. പദവി ലഭിക്കും. ഇതിനുപിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവുമുണ്ടാകും.

എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, വിജയ് സാഖറെ, എസ്.ശ്രീജിത്ത് എന്നിവരെ പ്രധാനപദവികള്‍ നിലനിര്‍ത്തിയാവും അഴിച്ചുപണി. ഡി.ജി.പി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ടോമിന്‍ തച്ചങ്കരിക്കും നിര്‍ണായക സ്ഥാനം ലഭിച്ചേക്കും.

നിഥിന്‍ അഗര്‍വാള്‍, എസ്. ആനന്ദകൃഷ്ണന്‍ എന്നിവര്‍ ഡി.ജി.പി. സ്ഥാനത്തേക്കുയരും. നിഥിന്‍ അഗര്‍വാള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലായതിനാല്‍ ആ ഒഴിവില്‍ കെ. പത്മകുമാറിന് ഡി.ജി.പി. സ്ഥാനം ലഭിക്കും.പുതുതായി 11 പേര്‍ക്ക് കൂടി ഐപിഎസ് ലഭിക്കുന്ന വേളയിലാകും വീണ്ടും ഇളക്കിപ്രതിഷ്ട ഉണ്ടാകുക.

സംസ്ഥാന പൊലീസില്‍നിന്നുള്ള എസ്‌പി.മാര്‍ക്ക് ഐ.പി.എസ്. നല്‍കാനുള്ള പട്ടിക കേന്ദ്രത്തില്‍നിന്ന് ലഭിച്ചാലുടന്‍ വീണ്ടു സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങാനാണ് നീക്കം. സുദേഷ് കുമാര്‍ ഡിജിപി ആയ ശേഷമുള്ള സമഗ്രമായ അഴിച്ചുപണിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. നേരത്തെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനം നഷ്ടമായ സന്ധ്യക്ക് ഡിജിപി പദവിയും ഉടന്‍ തന്നെ ലഭിക്കും.

നിലവില്‍ കോസ്റ്റല്‍ പൊലീസ്, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, ഇന്റേണല്‍ സെക്യൂരിറ്റി, ട്രെയിനിങ്, എസ്.സി.ആര്‍.ബി., വിജിലന്‍സ്-ഒന്ന്, രണ്ട് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി.മാരുടെ ഒഴിവുണ്ട്. ഇതിലേക്കുള്ള നിയമനവും ഉണ്ടായേക്കും. ഐ.ജി.മാരുടെ പത്ത് ഒഴിവുകളും ഡി.ഐ.ജി.മാരുടെ ഏഴ് ഒഴിവുകളുമുണ്ട്.

2018-ല്‍ ഐ.പി.എസ്. ലഭിക്കേണ്ട 30 പേരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 11 ഒഴിവുകളുടെ കാര്യം പരിഗണിച്ചുള്ള യോഗം നടന്നെങ്കിലും പട്ടിക സംസ്ഥാനത്തിന് കൈമാറിയിട്ടില്ല. 2019, 2020 വര്‍ഷങ്ങളില്‍ ഐ.പി.എസ്. ലഭിക്കേണ്ടവരുടെ പട്ടികയും സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള യോഗം ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

11 പേര്‍ക്കുകൂടി ഐ.പി.എസ്. ലഭിക്കുന്നതോടെ നിലവിലുള്ള എസ്‌പി.മാരുടെ ഒഴിവിലേക്ക് ഇവര്‍ നിയമിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലംമാറ്റമുണ്ടാകും. പൊലീസ് ആസ്ഥാനത്തുമാത്രം മൂന്ന് എസ്‌പി.മാരുടെ ഒഴിവുണ്ട്. എം.എസ്‌പി., വിവിധ സായുധസേനാ ബറ്റാലിയനുകള്‍, സ്‌പെഷ്യല്‍ ബ്രാഞ്ചിലെ വിവിധ റേഞ്ചുകള്‍, ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകള്‍ എന്നിവയിലൊക്കെ എസ്‌പി.മാരുടെ ഒഴിവുണ്ട്. ഇവിടങ്ങളിലേക്കാകും നിയമനം.

അതിനിടെ ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യക്ക് ഡി.ജി.പി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പൊലീസ് മേധാവി നിയമനത്തില്‍ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണിത്. പൊലീസ് മേധാവി നിയമനത്തെ തുടര്‍ന്ന് പൊലീസ് തലപ്പത്തുണ്ടായ അതൃപ്തികള്‍ പരിഹരിക്കാനും നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here