കാണാതെ പോകരുത് ഉണക്കമീനിലെ ‘ഉണങ്ങിയിരിക്കുന്ന’ അപകടങ്ങള്‍.

പച്ചമീന്‍ പോലെതന്നെ ഉണക്കമീനും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.ഊണിനൊപ്പമായാലും പഴങ്കഞ്ഞിയാക്കി കഴിക്കുമ്ബോഴുമെല്ലാം ഉണക്കമീന്‍ കൂടിയുണ്ടെങ്കില്‍ വയറുനിറച്ച്‌ ആഹാരം കഴിയ്ക്കാന്‍ വേറെന്നും വേണ്ട.കൂടാതെ, കപ്പയ്ക്ക് ഒപ്പവും ചമ്മന്തിയായും വറുത്തും ചുട്ടും കറിയാക്കിയുമെല്ലാം മലയാളി തന്റെ തീന്‍മേശയില്‍ ഉണക്കമീന്‍ നിരത്താറുണ്ട്.ചിലര്‍ക്ക് മൂന്നു നേരം ഉണക്കമീനില്ലാതെ ആഹാരം ഇറങ്ങുകപോലുമില്ല.നന്നായി കഴുകി വൃത്തിയാക്കി ഉപ്പിട്ട് മീന്‍ വെയിലത്ത് ഉണക്കിയെടുക്കുന്നു എന്നാണ് മിക്കവരും ഉണക്കമീനിനെപ്പറ്റി ധരിച്ചുവച്ചിരിക്കുന്നത്.എന്നാല്‍, ഇവയ്ക്ക് വിപരീതമാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്.

പച്ച മീനുകളില്‍ ഏറ്റവും മോശമായവ തെരഞ്ഞെടുത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേര്‍ത്ത് ഉണക്കിയാണ് ഉണക്ക മീനുകളായി ഭൂരിഭാഗവും വിപണിയില്‍ എത്തുന്നത്. കൂടാതെ, പച്ച മത്സ്യം ഐസില്‍ വച്ച്‌ കഴിക്കുമ്ബോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളേക്കാള്‍ വലുതാണ് ദിവസം കഴിഞ്ഞ മീനുകള്‍ ഐസില്‍ സൂക്ഷിച്ച്‌ പിന്നീട് ഉണക്കിയെടുക്കുന്നവ.അതുകൊണ്ട് തന്നെ ഉണക്ക മീന്‍ വാങ്ങുന്നതിന് മുന്‍പ് അവ നന്നായി നോക്കി വാങ്ങേണ്ടത് അത്യാവശ്യമാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, എല്ലാവര്‍ക്കും കഴിക്കാന്‍ പറ്റുന്നതാണോ എന്നും പരിശോധിച്ച്‌ വേണം ഉണക്കമീനുകള്‍ വാങ്ങേണ്ടത്.അതുപോലെ ചെറിയ പാക്കറ്റുകളില്‍ വിലക്കുറവില്‍ ലഭിക്കുന്ന മീനുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലതും.എന്നിരുന്നാലും, ഇവയിലെ മായം നേരിട്ട് അറിയാന്‍ പ്രയാസമാണ്. കാരണം, ഇവയില്‍ ചേര്‍ക്കുന്നത് രാസമാലിന്യങ്ങളാണ്.ഇവ സംസ്കരണപ്രക്രിയ കഴിഞ്ഞ ഉത്പന്നമാണെന്നതും ഉപ്പിന്റെ രൂക്ഷത മുന്നിട്ടു നില്‍ക്കുന്നു എന്നതും മായം കണ്ടെത്താന്‍ പ്രയാസകരവുമാവുന്നു.

പച്ച മത്സ്യങ്ങളിലെന്നപോലെ ഉണക്കമീനുകളിലും ഫോര്‍മാലില്‍ ഉള്‍പ്പടെയുള്ള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്.ഇത് ശരീരത്തില്‍ എത്തുന്നത് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു. ഉപ്പിന്റെ അംശമില്ലാത്ത ഉണക്ക മീനുകളാവട്ടെ, ഏറ്റവും വലിയ അപകടകാരിയുമാണ്.കാരണം, ഇവയില്‍ കെമിക്കലുകളുടെ സാന്നിധ്യം അധികമാണ്.ഇത്തരം കാര്യങ്ങളാല്‍, ഉണക്കമീനുകള്‍ കഴിയ്ക്കാന്‍ അതിയായി ഇഷ്ടപ്പെടുന്നവര്‍ വീടുകളില്‍ തന്നെ മീന്‍ കഴുകി വൃത്തിയാക്കി ഉപ്പ് ചേര്‍ത്ത് ഉണക്കി സൂക്ഷിക്കുന്നതാണ് ബുദ്ധി.കല്ലുപ്പ് ഉപയോഗിച്ചാല്‍ കൂടുതല്‍ നല്ലതാണെന്നും പറയുന്നു. പച്ച മത്സ്യത്തിന്റെ മിക്ക ഗുണങ്ങളും ഉണക്കമീനിലും ഉറപ്പിക്കാം. ചാള, ചെമ്മീന്‍, കൊഴുവ തുടങ്ങിയവയാണ് പ്രധാന ഉണക്കമത്സ്യങ്ങള്‍. ഇവ ആരോഗ്യത്തിനും മികച്ച മത്സ്യങ്ങളാണ്.

മീനിലെ ഒമേഗ 3 ഗുണങ്ങളും ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഉണക്കമീനില്‍ നിന്നും ലഭിക്കും. കൂടാതെ, ആന്റിബോഡികളുടേയും എന്‍സൈമുകളുടേയും ഉറവിടമായ പ്രോട്ടീന്റെ കലവറയാണ് ഉണക്കമീന്‍ എന്ന് പറയാം. കലോറി കുറവായതിനാല്‍ തന്നെ ഭക്ഷണക്രമത്തില്‍ കൃത്യമായ അളവില്‍ ഇവ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിനുകളും ധാതുലവണങ്ങളും ഉണക്കമീനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, പച്ച മത്സ്യം പോലെ ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളും രക്തയോട്ടവും നാഡീവ്യവസ്ഥയും ക്രമവും ആരോഗ്യവുമുള്ളതാക്കി നിലനിര്‍ത്തുന്നതിനും ഉണക്കമീന്‍ സഹായകരമാണ്. അതിനാല്‍ ഉണക്കമീന്‍ ഇഷ്ടപ്പെടുന്നവര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കുവാന്‍ ശ്രദ്ധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here