കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ ജയിൽ മോചനത്തിന് ഭാര്യ ഉഷ നൽകിയ ഹർജിയിൽ ബന്ധപ്പെട്ട ഫയൽ 19ന് മുദ്രവച്ച കവറിൽ ഹാജരാക്കാൻ ജയിൽ ഉപദേശക സമിതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മണിച്ചൻ 20 വർഷം ശിക്ഷ പൂർത്തിയാക്കി ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്.
മണിച്ചന്റെ മോചനത്തിൽ നാലു മാസത്തിനകം തീരുമാനമെടുക്കാൻ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇനിയും കാലതാസമുണ്ടായാൽ ജാമ്യം അനുവദിച്ച് ഇടക്കാല ഉത്തരവ് ഇറക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
മണിച്ചന്റെ മോചനത്തിനുള്ള മന്ത്രിസഭാ ശുപാർശ ഉത്തരവാദപ്പെട്ട ഭരണഘടനാസ്ഥാപനത്തിന്റെ (ഗവർണറുടെ) പരിഗണനയിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് സർക്കാർ മുദ്രവച്ച കവറിൽ നൽകിയ വിവരം സ്വീകരിക്കാൻ കഴിഞ്ഞ തവണത്തെപ്പോലെ ഇന്നലെയും കോടതി വിസമ്മതിച്ചു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സത്യവാങ്മൂലമായി നൽകാനാണ് നിർദ്ദേശിച്ചിരുന്നത്.
ഇന്നലെ വിവരങ്ങൾ നൽകാൻ ശ്രമിക്കേ സ്വീകരിക്കരുതെന്ന് മണിച്ചന്റെ ഭാര്യ ഉഷയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. വകുപ്പ് തലവനു പകരം ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റേതാണ് അപേക്ഷയെന്നും ബോധിപ്പിച്ചു.
എന്നാൽ, വിവരങ്ങൾ കോടതി പരിശോധിച്ചാൽ ഹർജിക്കാരുടെ പരാതിയിലുൾപ്പെടെ തീരുമാനമാകുമെന്ന് സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് ഹമീദ് കോടതിയിൽ വ്യക്തമാക്കി. എന്നിട്ടും പരിശോധിക്കാൻ കോടതി തയ്യാറായില്ല.
മണിച്ചന്റെ മോചനം:
ഗവർണർ നിയമോപദേശം തേടും
തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനെ ജയിലിൽ നിന്ന് മോചിപ്പിപ്പിക്കണമെന്ന സർക്കാർ ശുപാർശയിൽ ഗവർണർ നിയമോപദേശം തേടും. ശുപാർശയിൽ മൂന്നാഴ്ചയായിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. മണിച്ചൻ 20 വർഷത്തെ തടവ് പൂർത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിട്ടയയ്ക്കാൻ തീരുമാനിച്ചത്. മണിച്ചനടക്കം വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽ മോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞവർഷം വിട്ടയച്ചിരുന്നു. മണിച്ചൻ തുറന്ന ജയിലിൽ നല്ലനടപ്പിൽ കഴിഞ്ഞുവരികയാണ്. മണിച്ചന്റെ മോചനം അട്ടിമറിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണ് തീരുമാനം വൈകുന്നതിന് പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.