കടകള്‍ ഇനി ആറു ദിവസവും തുറക്കും. അടച്ചിടല്‍ ഞായറാഴ്ച മാത്രമെന്നും സൂചന. കേരളം തുറക്കാനൊരുങ്ങുന്നു !

മൂന്നുമാസത്തെ പൂട്ടിയിടലില്‍ നേടിയത് കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം. നീണ്ട ലോക്ക്ഡൗണിനൊടുവില്‍ കേരളം തുറക്കാനൊരുങ്ങുന്നു. ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്റ്‌മെന്റ് സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. ഇതോടെ അടച്ചുപൂട്ടിയിരുന്ന സ്ഥാപനങ്ങളൊക്കെ തുറക്കാനാകും.

വാരാന്ത്യ ലോക്ഡൗണ്‍ ഇനിയുണ്ടാകാനിടയില്ല. ഞായറാഴ്ച മാത്രം തല്‍ക്കാലം നിയന്ത്രണം തുടരും. കടകള്‍ ആറു ദിവസവും തുറക്കാനാണ് സാധ്യത. എല്ലാ കടകള്‍ക്കും ഇളവു ബാധകമാകും.

നേരത്തെ തദ്ദേശ സ്ഥാപനങ്ങളെ എ-ബി-സി-ഡി കാറ്റഗറിയായി തിരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ബദല്‍ മാര്‍ഗം സര്‍ക്കാര്‍ തേടിയത്. ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിക്കും ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായിരിക്കും അവലോകനയോഗം പരിഗണിക്കുന്നത്. ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ മുഴുവനായി അടച്ചിടുന്നതില്‍ മാറ്റം വരുത്തും. രോഗികളുടെ എണ്ണം അനുസരിച്ച്‌ വാര്‍ഡുകളെയോ, അതുമല്ലെങ്കില്‍ രോഗബാധ കൂടിയ പ്രദേശത്തെയോ അടച്ചിടാനാണ് സാധ്യത.

കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് ഇളവില്‍ ഏറെ പ്രധാനം. എല്ലാ കടകളും എല്ലാ ദിവസവും തുറക്കുന്നതും പരിഗണനയിലുണ്ട്. തുറക്കുന്ന കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയിലും പരിശോധിക്കും. പ്രധാനസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യവും ശുപാര്‍ശയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here