എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദികളെന്ന് എം.എം.ബേബി;

അഭിമന്യുവിനെ കൊലപ്പെടുത്തിയതിന്റെ വാര്‍ഷികദിനത്തില്‍ എം.എ.ബേബി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.പോസ്റ്റില്‍ ഉടനീളം പോപ്പുലര്‍ ഫ്രണ്ടിനേയും ക്യാംപസ് ഫ്രണ്ടിനേയും എസ്ഡിപിഐയേയും മതതീവ്രവാദികളെന്നും തീവ്രവാദ സംഘടനകളെന്നുമാണ് ബേബി വിളിച്ചിരിക്കുന്നത്.

എന്നാല്‍, പോസ്റ്റിനു താഴെ ഒരു മതത്തെ മാത്രം തീവ്രവാദികള്‍ എന്നു വിളിക്കുന്നത് ആലോചിച്ചു വേണമെന്നാണ് മുന്നറിയിപ്പ്. ഒപ്പം, കോളേജിലെ സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനും വെല്ലുവിളിയുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ –

2018 ജൂലൈ 2 ന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജില്‍ വച്ച്‌ എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ സഖാവ് അഭിമന്യുവിനെ എസ്ഡിപിഐ – ക്യാമ്ബസ് ഫ്രണ്ട് മതതീവ്രവാദി സംഘം അരുംകൊല ചെയ്തത്.

ഇടുക്കി ജില്ലയിലെ വട്ടവട എന്ന ഉള്‍നാടന്‍ മലയോര ഗ്രാമത്തിലെ പാവപ്പെട്ട തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകന്‍ അവരുടെ മാത്രമല്ല ആ നാടിന്റെ ആകെ പ്രതീക്ഷയായിരുന്നു.ഇന്നവന്‍ ആ നാടിനെയാകെ അല്ല ഒരോ മനുഷ്യ സ്‌നേഹികളുടെയും നൊമ്ബരമാണ്.

ശാസ്ത്രജ്ഞന്‍ ആകണമെന്ന മോഹത്തോടെ വട്ടവടയിലെ ഒറ്റമുറി വീട്ടിലെ സാധു കുടുംബത്തിന്റെ ആകെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അഭിമന്യു രസതന്ത്ര ബിരുദപഠനത്തിനായി മഹാരാജാസില്‍ ചേര്‍ന്നത്.നാടിനു മുതല്‍ക്കൂട്ടാകുമായിരുന്ന എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നടന്നിരുന്ന നിഷ്‌കളങ്കത മുഖമുദ്രയാക്കിയ ഒരു കുരുന്നു പ്രതിഭയെയാണ് വര്‍ഗീയവിഷം പൂണ്ട മതതീവ്രവാദി കൂട്ടം ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കിയത്.

അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് മൂന്നു വര്‍ഷം തികയുമ്ബോള്‍ എല്ലാത്തരം വര്‍ഗീയതക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന പാഠമാണ് നാം ഓര്‍ക്കേണ്ടത്.

എസ്ഡിപിഐ /പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള ന്യൂനപക്ഷ വര്‍ഗീയസംഘടനകളും തീവ്രവാദ സംഘടനകളും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ആര്‍എസ്‌എസിനും സംഘപരിവാറിനും അവരുടെ അക്രമങ്ങളെ ന്യായീകരിക്കുന്നതിനുള്ള സന്ദര്‍ഭം ആണ് നല്‍കുന്നത് എന്നവര്‍ മനസ്സിലാക്കുന്നില്ല.ഒരു തരത്തിലുള്ള വര്‍ഗീയതയും ജനാധിപത്യ പുരോഗമന സമൂഹത്തിന് ഗുണകരമല്ല.മതത്തിന്റെ പേരില്‍ ആണ് പലതരം വര്‍ഗീയതകള്‍ ശക്തിപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വര്‍ഗീയതകള്‍ മതവിരുദ്ധം ആണ് എന്നുള്ളതാണ് അടിസ്ഥാനപരമായി തിരിച്ചറിയേണ്ട കാര്യം.മതവിശ്വാസികള്‍ കൂടി അണിനിരന്നു കൊണ്ട് വേണം മതത്തിന്റെ പേരില്‍ ഉള്ള വര്‍ഗീയതയ്‌ക്കെതിരായ സമരം വിജയിപ്പിക്കുവാന്‍. ഇതിന് മുന്നിട്ടിറങ്ങുക എന്നതാവണം അഭിമന്യുവിന്റെ രക്തസാക്ഷി ദിനത്തിലെ ഓരോരുത്തരുടെയും മുഖ്യ കടമ.

പഠിക്കുന്നതിനൊപ്പം സഹജീവികളെ സഹായിക്കലും അഭിമന്യുവിന്റെ സ്വപ്നമായിരുന്നു.

അവന്റെ സ്വപ്നങ്ങള്‍ ഓരോന്നായി യാഥാര്‍ത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് അവന്റെ പ്രസ്ഥാനം.അഭിമന്യു ഏറ്റവുമധികം ആഗ്രഹിച്ചത് പോലെ സ്വന്തം നാട്ടില്‍ ഒരു ലൈബ്രറി എന്ന സ്വപ്നം സുമനസ്സുകളുടെ സഹായത്താല്‍ യാഥാര്‍ത്ഥ്യമായി.

അഭിമന്യൂ മഹാരാജാസ് എന്ന് പേരിട്ടിരിക്കുന്ന ലൈബ്രറി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.കൂടാതെ അഭിമന്യുവിന് സ്വന്തമായി വീടും ജനങ്ങളുടെ പിന്തുണയോടെ പാര്‍ട്ടി നിര്‍മ്മിച്ച്‌ നല്‍കി.സഖാവിന്റെ സഹോദരിയുടെ വിവാഹവും പാര്‍ട്ടി തന്നെ മുന്നില്‍ നിന്ന് നടത്തിക്കൊടുത്തു.

ആദിവാസി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന അഭിമന്യുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ എറണാകുളത്ത് അഭിമന്യു സ്മാരകം ഒരുങ്ങുകയാണ്. പിന്നോക്ക വിഭാഗത്തിലെ 30 കുട്ടികള്‍ക്ക് കലൂരിലെ അഭിമന്യു സ്മാരകത്തില്‍ താമസിച്ച്‌ പഠിക്കാം.വിദേശ സര്‍വകലാശാലകളിലെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍,

മത്സര പരീക്ഷാ പരിശീലനം, തൊഴില്‍പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകള്‍ തുടങ്ങിയവയ്ക്കും അഭിമന്യു സ്മാരകം അവസരമൊരുക്കും.

അഭിമന്യു രക്തസാക്ഷി ദിനത്തില്‍ സഖാവിന്റെ ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വരുമ്ബോള്‍

അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഒരിക്കല്‍ സഖാവിന്റെ വീട്ടിലേക്ക് പോയ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തും.കൊടും കാട്ടിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്ത് വട്ടവട പഞ്ചായത്തിലെ കൊട്ടകാമ്ബൂരിലെ അഭിമന്യുവിന്റെ വീട്ടിലേക്ക് എത്തിയത് ദുഃഖം ഘനീഭവിച്ച ഒരു ഗ്രാമത്തിലൂടെ ആയിരുന്നു.

അഭിമന്യുവിന്റെ എസ്‌എസ്‌എല്‍സി ബുക്കും പ്ലസ് ടു മാര്‍ക്ക് ലിസ്റ്റും ഒക്കെ അടങ്ങുന്ന ഒരു ഫയല്‍ അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ എന്റെ കയ്യിലേക്ക് നീട്ടി.അഭിമന്യുവിന് കിട്ടിയ ചില സര്‍ട്ടിഫിക്കറ്റുകള്‍, ചെയുടെ ബോളിവിയന്‍ ഡയറി പോലെയുള്ള ചില പുസ്തകങ്ങള്‍ അവന്റെ ചില കുറിപ്പുകള്‍ അതൊക്കെയായിരുന്നു ആ ഒറ്റമുറി വീട്ടിലെ വിലമതിക്കാനാവാത്ത സമ്ബത്തുകള്‍.

അഭിമന്യുവിനെ പറ്റി അവന്റെ മാതാപിതാക്കളും സഹോദരങ്ങളും നാട്ടുകാരും സ്‌നേഹത്തോടെ അതിരറ്റ വാത്സല്യത്തോടെ നൊമ്ബരത്തോടെ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുമ്ബോള്‍ കണ്ണുകള്‍ നിറയുന്നു.

അവനെപ്പറ്റി കൂടുതലൊന്നും എഴുതുവാന്‍ കഴിയുന്നില്ല…

എഴുതി മുഴുമിപ്പിക്കാന്‍ ആവാത്ത ഒരു കവിതപോലെ സഖാവ് അഭിമന്യു….ഒരിക്കല്‍ കണ്ടപ്പോള്‍ കൂടുതലറിയാന്‍ ആകാതെ പോയ…കൂടുതല്‍ അറിഞ്ഞപ്പോള്‍ ,

ഇനിയൊരിക്കലും കാണാന്‍ കഴിയില്ല എങ്കിലും ഒരിക്കല്‍ കൂടി കാണണം എന്ന് ആഗ്രഹിച്ച പ്രിയപ്പെട്ട അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ രക്തപുഷ്പങ്ങള്‍

babyofficial/posts/4163502457065015″ data-width=”500″>

LEAVE A REPLY

Please enter your comment!
Please enter your name here