ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി; റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടില്ല, അഡ്മി‌നിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുള‌ളപ്പോള്‍ ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് കാലാവധി നീട്ടുന്നത് എന്തിനെന്ന് ഹൈക്കോടതി. ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് പട്ടിക കാലാവധി നീട്ടണമെന്ന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ്‌സി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ ചോദിച്ചത്. റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടില്ലെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്‌തു. ഇതോടെ ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

സെപ്‌തംബര്‍ അവസാനം വരെയാണ് ലാസ്‌റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിച്ച്‌ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഇത്തരത്തില്‍ ഇടക്കാല ഉത്തരവിറക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് അധികാരമുണ്ടോ എന്ന സംശയവും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രകടിപ്പിച്ചു. ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഒരു പട്ടികയുടെ കാലാവധി മാത്രമാണ് നീട്ടിയത്. അത് ശരിയല്ലെന്നും കോടതി പറഞ്ഞു.

അതേസമയം ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ്‌സി കോടതിയില്‍ അറിയിച്ചു. പുതിയ നിയമനത്തിനുള‌ള നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പട്ടിക നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്‌ടപ്പെടും എന്ന് കാണിച്ചാണ് കോടതിയെ പിഎസ്‌സി സമീപിച്ചത്.

നാളെ കാലാവധി അവസാനിക്കുന്ന ലിസ്‌റ്റുകളുടെ കാലാവധി ഇനി നീട്ടില്ലെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത്. ഇവയുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞതായതിനാലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here