അപവാദപ്രചരണം:കാവ്യ മാധവന്‍ പരാതി നല്‍കി,മഞ്ജു വാര്യരേയും കാവ്യയേയും താരതമ്യം ചെയ്യ്തതും മാനഹാനി ഉണ്ടാക്കിയതായും പരാതിയില്‍

2640

ഫെയ്‌സ്ബുക്കിലൂടെയും വെബ്‌സൈറ്റുകളിലൂടെയും തനിക്കും ദിലീപിനുമെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നടി കാവ്യ മാധവന്‍ പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച വൈകീട്ട് എറണാകുളം റെയ്ഞ്ച് ഐ.ജിക്കാണ് പരാതി നല്‍കിയത്.

ദിലീപുമായുള്ള വിവാഹശേഷം ഫെയ്‌സ്ബുക്കില്‍ മോശം കമന്റുകള്‍ ഇടുകയും വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കാവ്യ പരാതിയില്‍ പറഞ്ഞത്. കാവ്യയുടെ ഫെയ്‌സ്ബുക്ക് പേജിലും കാവ്യയുടെ സംരംഭമായ ലക്ഷ്യയുടെ വെബ്‌സൈറ്റിലും അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

ദിലീപുമായുള്ള വിവാഹശേഷം ഓൺലൈനുകളിൽ കാവ്യയ്‌ക്കെതിരെ ട്രോളുകളുടെ പെരുമഴയായിരുന്നു.

ദിലീപ്-കാവ്യ താരവിവാഹത്തിനു ശേഷം കാവ്യയെ ലൈംഗികമായി അധിക്ഷേപിക്കുന്നിടം വരെ ട്രോളുകൾ എത്തിയിരുന്നു. ഇതോടെയാണ് കാവ്യ പരാതിയുമായി രംഗത്തെത്തിയത്. വ്യവസായത്തേയും വ്യക്തി ജീവിതത്തേയും ഒരുപോലെ തകർക്കുന്ന തരത്തിൽ ഓൺലൈൻ അധിക്ഷേപം നടത്തിയെന്നാണ് ഐജിക്കു നൽകിയ പരാതിയിൽ കാവ്യ പറയുന്നത്. കൊച്ചി സിറ്റി പൊലീസിലെ വനിതാ സിഐ കാവ്യയെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പരാതിയിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് സിഐ വിശദമായി ചോദിച്ചറിഞ്ഞു.

കാവ്യയുടെ ഇ-കൊമേഴ്‌സ് സംരംഭമായ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിൽ നിരവധി ആളുകൾ അശ്ലീല ചുവയുള്ള കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ചില വ്യക്തികൾക്കെതിരെയാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹവുമായി ബന്ധമില്ലാത്ത പോസ്റ്റുകൾക്കു താഴെ പോലും അസഭ്യ പരാമർശം നടത്തിയതായി കാവ്യ പരാതിപ്പെട്ടു. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യരേയും കാവ്യയേയും താരതമ്യം ചെയ്യുന്ന പോസ്റ്റുകൾ മാനഹാനി ഉണ്ടാക്കിയതായും പരാതിയിലുണ്ട്.

കാവ്യ മാധവനും ദിലീപും വിവാഹിതരായ ശേഷം പലതരം അധിക്ഷേപ പരാമർശങ്ങൾ സോഷ്യൽമീഡിയയിൽ പരന്നിരുന്നു.

ഇതാദ്യമായല്ല സോഷ്യൽ മീഡിയവഴി അപകീർത്തിപ്പെടുത്തിയതിനെതിരേ കാവ്യ പരാതിപ്പെടുന്നത്. വ്യാജ ഫേസ്ബുക്ക് പേജ് തുടങ്ങിയവർക്കെതിരേയും വ്യാജ വിവാഹവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരേയും നടി നേരത്തേ പരാതി നൽകിയിരുന്നു.