കാഷ്മീരിൽ സെന്റിന് വില എന്ത് ? ഗൂഗിളിൽ സെർച്ചോടു സെർച്ച്

271

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിലൂടെ ചരിത്രപരമായ നീക്കമാണ് രണ്ടാം മോദി സര്‍ക്കാര്‍ ഇന്നലെ നടത്തിയത്. ആറ് ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന കേന്ദ്ര നയം വേണ്ടെന്നു വച്ചുകൊണ്ട് മോദി സര്‍ക്കാര്‍ ചരിത്രപരമായ നീക്കം നടത്തിയതിന് പിന്നാലെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് കാശ്മീരിലെ പ്ലോട്ടുകളെ കുറിച്ചാണ്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതലായിട്ട് ഇതിനെ കുറിച്ച്‌ ഗൂഗിളില്‍ തിരഞ്ഞത്. കൂടാതെ കാശ്മീരിലെ ഭൂമിയുടെ വിലവിവരം സംബന്ധിച്ചും ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണത്തിലും കുറവില്ല.

35 എ വകുപ്പ് പ്രകാരം കശ്മീരില്‍ സ്ഥിരതാമസക്കാര്‍ അല്ലാത്തവര്‍ക്ക് സംസ്ഥാനത്ത് ഭൂമി വാങ്ങാനാകുമായിരുന്നില്ല.ആ വകുപ്പ് എടുത്തുകളഞ്ഞതോടെ ഇനി കാശ്മീരില്‍ സ്ഥിരതാമസക്കാര്‍ അല്ലാത്തവര്‍ക്കും ഭൂമി വാങ്ങാം. അതായത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഭൂമി വാങ്ങാം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞതും ഇതുകൊണ്ടാണ്.

കഴിഞ്ഞ മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് കാശ്മീരിനെ കുറിച്ചാണെന്ന് ദേശീയ മാദ്ധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അമിത് ഷായുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ കാശ്മീരില്‍ സ്ഥലം വില്‍പ്പനയ്ക്കുണ്ടെന്ന രീതിയില്‍ നിരവധി സന്ദേശങ്ങള്‍ സോഷ്യല്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

അതേ സമയം ജമ്മു കാശ്മീരില്‍ നിന്നും പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) എടുത്ത് മാറ്റുന്ന ബില്‍ ലോക്സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്സഭയിലും പാസായിരിക്കുന്നത്.ഇനി ബില്ലില്‍ രാഷ്‌ട്രപതി കൂടി ഒപ്പ് വയ്ക്കുമ്ബോള്‍ അത് നിയമമാകും. ഇതോടെ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജമ്മു കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ അധീനതയില്‍ വന്നുചേരും. ലോക്സഭയില്‍ 351 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. അതായത് മൂന്നില്‍ രണ്ട്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്. 72 ലോക്സഭാ അംഗങ്ങള്‍ പ്രമേയത്തിനെ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം.സി.പി.ഐ എന്നീ പാര്‍ട്ടികളാണ് പ്രമേയത്തെ എതിര്‍ത്ത് കൊണ്ടാണ് വോട്ട് ചെയ്തിരിക്കുന്നത്. ബില്ലിനെ പിന്തുണച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യയും വോട്ട് ചെയ്തു. രാജ്യത്തിന് ഗുണകരമായ തീരുമാനമാണിതെന്നാണ് സിന്ധ്യ പ്രതികരിച്ചത്. അടുത്തതായി ലോക്സഭ പരിഗണിക്കുന്നത് കാശ്മീരിനെ രണ്ടാക്കി വിഭജിക്കുന്ന ബില്ലാണ്.